കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മഴക്കെടുതികള്‍ ബോധ്യപ്പെട്ടതായും ഇവ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് ഈ മാസം 20 ന് നല്‍കുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
രണ്ടു ഭാഗങ്ങളായി കേന്ദ്രസഹായത്തിനുള്ള നിവേദനം കേരളം നല്‍കുമെന്ന് സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം ലഭിക്കാനുള്ള നിവേദനവും, കേരളത്തിലുണ്ടായ കനത്ത നഷ്ടം ചൂണ്ടിക്കാട്ടി കൂടുതല്‍ സഹായം തേടിയുള്ള പ്രത്യേക നിവദേനവും നല്‍കും. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ മൂലമുള്ള കെടുതികളും കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര ജോയന്റ് സെക്രട്ടറി എ.വി. ധര്‍മറെഡ്ഡി, ഫിനാന്‍സ് ജോയന്റ് ഡയറക്ടര്‍ എസ്.സി. മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ബീച്ച് ഇറോഷന്‍ ഡയറക്ടര്‍ ആര്‍. തങ്കമണി, ഗ്രാമവികസന മന്ത്രാലയം അസി. ഡയറക്ടര്‍ ചാഹത് സിംഗ് എന്നിവരാണ് എത്തിയത്. കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാമത്തെ സംഘം വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷക്കെടുതി വിലയിരുത്തുകയാണ്.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, ജി. സുധാകരന്‍, ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, ഡോ. കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.