സാമൂഹ്യസേവന നിയമം ആവിഷ്ക്കരിക്കും
തിരുവനന്തപുരം: കേരളത്തില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നല്ലനടപ്പ് (പ്രൊബേഷന്‍) നിയമത്തിന്റെ ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രൊബേഷന്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം.
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ശക്തമായ സാമൂഹ്യ പ്രതിരോധ സംവിധാനം രൂപപ്പെടുത്താന്‍ 1960 ലെ നല്ലനടപ്പ് ചട്ടങ്ങള്‍ പരിഷ്ക്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടാം വാരം കോടതി, ജയില്‍, പോലീസ്, സന്നദ്ധ സംഘടനകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി പ്രത്യേക ശില്പശാല സംഘടിപ്പിക്കും. ക്രിമിനോളജി വിഭാഗത്തിന്റെ സഹായത്തോടെയുള്ള ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള പ്രൊബേഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്താനായി മേല്‍നോട്ട സംവിധാനം വകുപ്പ് തലത്തിലും നീതിന്യായ തലത്തിലും രൂപപ്പെടുത്തും. ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കെല്ലാം പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശീലനം നല്‍കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ ജയിലിലടച്ച് അവരുടെ മാനസിക നില തകര്‍ക്കാതെ സാമൂഹ്യസേവനത്തിലൂടെ അവരെ നല്ല പൗരന്മാരായി ഉയര്‍ത്തുന്ന സാമൂഹ്യ സേവന നിയമം ആവിഷ്ക്കരിക്കേണ്ടതുണ്ട്. കേസില്‍ ഇരകളാകുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി ആധുനിക സാമൂഹ്യ മന:ശാസ്ത്ര സമീപനം ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പ്രത്യേക സ്കീം ഒരുക്കും.
ജയിലുകള്‍ നിറയുന്ന അവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണം. കേസില്‍ പെടുന്നവരേയും ഇരകളായവരേയും അവരുടെ കുടുംബാംഗങ്ങളേയും ദൈനംദിനം ഇടപെട്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇതിന് ജില്ലാ പ്രൊബേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
ജയില്‍ ഡി.ജി.പി. ശ്രീലേഖ ഐ.പി.എസ്., ഐ.ജി. ശ്രീജിത്ത് ഐ.പി.എസ്., സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., അഡീഷണല്‍ ഡയറക്ടര്‍ സുരേന്ദ്ര കുമാര്‍, പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ ഡോ. ജേക്കബ് ജോര്‍ജ്, അഡ്വ. ഷാനവാസ് ഖാന്, ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ സുനില്‍ കുമാര്‍, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സുബൈര്‍ കെ.കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.