പ്രളയക്കെടുതി: സ്ഥിതി നിയന്ത്രണവിധേയം
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് സന്നദ്ധസംഘടനകള്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സന്ദര്‍ശിച്ച് പ്രവ ര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ തലത്തില്‍ ക്യാമ്പുകള്‍ തുറന്ന് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ട്. ക്യാമ്പുകളിലെത്തിയിട്ടുള്ള പലരുടെയും ഗൃഹോപകരണങ്ങള്‍ മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണവും മറ്റ് സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്ന സാഹചര്യത്തില്‍ മറ്റുള്ള കാര്യങ്ങളില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കണം. ദുരിതബാധിത പ്രദേശങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകള്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  ദുരിതബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.