കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ,  അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ നായർ എന്നിവർ ചേർന്ന് ടാര്‍മാർക്കിൽ മന്ത്രിയെ സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി
തുടർന്ന് ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയർമാൻ സി.എൻ. മോഹനൻ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ കേന്ദ്രമന്ത്രിയ്ക്കൊപ്പുണ്ടായിരുന്നു.
തുടർന്ന് ഇളന്തിക്കര ഗവ. എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ അദ്ദേഹം സന്ദർശനം നടത്തി.