സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബുകളിൽ അംഗത്വത്തിനായി ജൂലൈ 2ന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 23 മുതൽ 25 വരെ വൈകുന്നേരം 3 മണിക്കും 6 മണിക്കും സംപ്രേഷണം ചെയ്യും.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പൊതുപരീക്ഷാ പരിചയം, പാഠപുസ്തകം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യസാമ്പിളുകൾ, ലോജിക്കൽ വിഭാഗം, പ്രോഗ്രാമിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ ക്ലാസുകളുടെ ഉള്ളടക്കം.  അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം യൂണിറ്റുകളിൽ ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുന്ന രജിസ്റ്റർ ചെയ്ത കുട്ടികൾക്കായിരിക്കും അഭിരുചി പരീക്ഷ നടത്തുക.  പരീക്ഷയിൽ മികച്ച സ്‌കോർ നേടുന്ന നിശ്ചിത എണ്ണം കുട്ടികൾക്കായിരിക്കും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിൽ അംഗത്വം ലഭിക്കുന്നത്.  സംസ്ഥാന തലത്തിൽ 60,000 കുട്ടികളാണ് അംഗത്വം നേടുന്നത്.