** ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കളക്ടർ
** വീട് ഒഴിഞ്ഞു പോകണമെന്നു നിർദേശം ലഭിച്ചാൽ സഹകരിക്കണം
** ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണം

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ തിരുവനന്തപുരം നഗരത്തിൽ
വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നും റെഡ് അലേർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നതും മഴ ശക്തമായതുമാണ് ബുധനാഴ്ച
നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകാൻ കാരണമായതെന്നു കളക്ടർ
ചൂണ്ടിക്കാട്ടി. നീരൊഴുക്കും മഴയും കുറഞ്ഞതിനെത്തുടർന്നു ഡാമിന്റെ
ഷട്ടറുകൾ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നെങ്കിലും ഇന്നു ജലനിരപ്പ്
ഉയർന്നതിനെത്തുടർന്ന് അത് 1.8 മീറ്ററാക്കി കൂട്ടിയിട്ടുണ്ട്.
ഇതേത്തുടർന്നു നഗരത്തിലെ താണ പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറാൻ
സാധ്യതയുണ്ട്.

കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ജില്ലയിൽ ഇന്നും
ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ
മുന്നറിയിപ്പ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മാറ്റി പാർപ്പിക്കേണ്ട
സാഹചര്യമുണ്ടെന്നു റെവന്യൂ അധികൃതർ അഭ്യർഥിച്ചാൽ ആളുകൾ അതിനോടു
സഹകരിക്കണം.

മറ്റു പല ജില്ലകളിലും അധികൃതർ മാറണമെന്നു പറഞ്ഞിട്ടും ഒഴിയാൻ
കൂട്ടാക്കാത്ത വീടുകളിലാണ് ഇപ്പോൾ അപകടകരമായ സാഹചര്യം
നിലനിൽക്കുന്നതെന്നു കളക്ടർ ചൂണ്ടിക്കാട്ടി. അതിനാൽ ജീവന്റെ സുരക്ഷ
ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നൽകുന്ന നിർദേശമനുസരിച്ചു സുരക്ഷിത
സ്ഥലങ്ങളിലേക്കു മാറാൻ തയാറാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.