കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ ഇന്ധനക്ഷാമത്തിനു സാധ്യതെന്ന തെറ്റായ പ്രചരണത്തിന് അടിസ്ഥാനമില്ല. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പമ്പുകളില്‍ ആവശ്യത്തിന് കരുതല്‍ ശേഖരമായി ഇന്ധനം ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കിലെ ഏഴു പമ്പുകളിലായി 13,000 ലിറ്ററും മാനന്തവാടി താലൂക്കിലെ അഞ്ച് പമ്പുകളില്‍ 12,000 ലിറ്ററും ബത്തേരി താലൂക്കിലെ പത്ത് പമ്പുകളിലായി 20,000 ലിറ്റര്‍ ഇന്ധനവും കരുതല്‍ ശേഖരമായുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഇന്ധനം കൂടി ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ഇന്ധനക്ഷാമത്തിന് യാതൊരു സാധ്യതയുമില്ല. കൂടാതെ ജില്ലയിലെ മൂന്നു താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്‍.പി.ജി ഗ്യാസും അതാത് ഏജന്‍സികളില്‍ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
