കേരളത്തിലെ മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങൾ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാൽ നിയന്ത്രണവിധേയമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഒന്നരലക്ഷം പേർ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായുണ്ട്.
കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയിൽനിന്നും, 550 പേരെ പത്തനംതിട്ട ജില്ലയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴകെടുതികൊണ്ടുള്ള ദുരിതങ്ങൾ സംസ്ഥാന, കേന്ദ്ര ഏജൻസികൾ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ മൂലം നിയന്ത്രണവിധേയമാണ്.
ഉന്നതതലയോഗം വ്യാഴാഴ്ചയും രണ്ടുതവണ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ നിർദേശിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകൾ വെള്ളിയാഴ്ച ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റർ വീതം ഈ ജില്ലാ ആസ്ഥാനങ്ങളിൽ വെളുപ്പിന് എത്തും. അവിടെ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. 23 ഹെലികോപ്റ്റർ വെള്ളിയാഴ്ച പ്രവർത്തന സജ്ജമാകും.
250 ഓളം ബോട്ടുകൾ ഈ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് പ്രവർത്തിക്കുന്നുണ്ട്.
ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആറൻമുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ ബോട്ടുകൾ ഉപയോഗിക്കും. കേന്ദ്രസേനകളുടെ ബോട്ടുകൾ കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള ഫയർ ഫോഴ്സിൽ നിന്നുള്ളവയും സ്വകാര്യബോട്ടുകളും ഉപയോഗിക്കും. എല്ലാ സ്ഥലങ്ങളിലും കൂടുതൽ ബോട്ടുകൾ വ്യാഴാഴ്ച രാത്രിയോടെ എത്തും. 200ൽ ഏറെ ബോട്ടുകൾ വെള്ളിയാഴ്ച കൂടുതലായി ഉണ്ടാകും.
കുത്തൊഴുക്കുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ചാലക്കുടി പുഴയിൽ വെള്ളമുയരുന്നതിന് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസത്തിന്റെ പൊതുവായ ചുമതല ജില്ലാ കളക്ടർമാർക്കാണ്. രക്ഷാപ്രവർത്തനത്തിന് പോലീസും ഫയർഫോഴ്സും നിർണായക പങ്ക് വഹിക്കുന്നുണ്ട്. വെള്ളപ്പൊക്കം കൂടുതലുള്ള സ്ഥലങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഏകോപന ചുമതല നൽകിയിട്ടുണ്ട്. കേന്ദ്രസേനകളും നല്ല നിലയിലുള്ള ഇടപെടലും പിന്തുണയും നൽകുന്നുണ്ട്.
10എം.ഐ17 ഹെലികോപ്റ്ററുകൾ പത്തെണ്ണം കൂടി ചോദിച്ചിട്ടുണ്ട്. 10എ.എൽ.എച്ച് ഹെലികോപ്റ്ററുകളും 10 എണ്ണം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. 40 എൻ.ഡി.ആർ. എഫ് ടീമുകളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ ബാക്കിയുള്ളവരെയും രക്ഷിക്കാനാകുന്നവിധത്തിലാണ് നടപടികൾ ത്വരിതപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വഴി ഇത്തരം ആളുകൾക്ക് ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണം ഒരുക്കും. ഇതിനായി നാട്ടുകാരുടെയാകെ സഹായം തദ്ദേശസ്ഥാപനങ്ങൾക്ക് തേടാം. അതല്ലാതെ അവർ ചെലവാക്കുന്ന തുക സർക്കാർ വകയിരുത്തും.
കുടിവെള്ള വിതരണം തകരാറിലായത് പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നുണ്ട്. തകരാറല്ലാത്ത പ്രദേശത്ത് നിന്ന് വെള്ളം ഫലപ്രദമായി എത്തിക്കാനാകും. വികേന്ദ്രീകൃത വിതരണം തദ്ദേശസ്ഥാപനങ്ങൾ ചെയ്യണം.
കേന്ദ്ര എജൻസികൾ, ഫയർഫോഴ്സ്, ടൂറിസം തുടങ്ങിയവരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിനുപുറമേ, നാടൻ വാഹനങ്ങൾ, ഫിഷറീസ്, മത്സ്യബന്ധന വള്ളങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കും.
രക്ഷപ്പെടുത്തുന്നവരെ ഉയർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കാൻ കളക്ടർമാരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കണ്ടെത്തും.
വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കും ആദിവാസിമേഖലയിലുള്ളവർക്കും അവിടുത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൗജന്യറേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കും. കൊച്ചി നേവൽബേസിൽ ചെറിയ വിമാനങ്ങൾ ഇറക്കാനുള്ള നടപടികൾ ആലോചിച്ചുവെങ്കിലും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കുന്നതിലെ പ്രശ്നങ്ങൾ സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടിയതിനാൽ ഉപേക്ഷിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.