കോട്ടയം: രാജ്യം ലക്ഷ്യം വെച്ചതിനപ്പുറം വളർച്ച വൈദ്യുതി മേഖല കൈവരിച്ചതായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഊർജ്ജ രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി ‘പവർ@ 2047 ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി’ എന്ന പേരിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദന- വ്യവസായിക മേഖലകളെ പരിപോഷിപ്പിക്കാൻ ഈ വളർച്ച സഹായകരമായതായും ഒരു ജനതയെ മുഴുവൻ ഒരുമിച്ച് നിർത്താൻ കഴിയുന്ന സാമൂഹിക സംവിധാനമായി വൈദ്യുതി മേഖല വളർന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റു രാജ്യങ്ങൾക്ക് വൈദ്യുതി നൽകാൻ നമുക്ക് കഴിയുന്നുണ്ട്. ഊർജ്ജ സ്രോതസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരും തലമുറയ്ക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ട കടമ ഓരോ പൗരനുമുണ്ടെന്നും ഡോ.എൻ. ജയരാജ് പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽ കുമാർ, എൻ.ടി.പി.സി കായംകുളം ജില്ലാ നോഡൽ ഓഫീസർ പി. പ്രവീൺ, ജനറൽ മാനേജർ എസ്.കെ. റാം, കെ.എസ്.ഇ.ബി. ഡപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി, ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ.സിന്ധു ജോൺസ്, കിടങ്ങൂർ എൻജിനീയറിംഗ് കോളജ് ഇലക്ട്രിക്കൽ വിഭാഗം മേധാവി കെ. പ്രസീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകളും കലാ പ്രകടനങ്ങളും അരങ്ങേറി. റീജണൽ എൻജിനീയറിംഗ് കോളജ് പാമ്പാടിയുടെ നേതൃത്വത്തിൽ സമ്പൂർണ ഗാർഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, പവർ ഫിനാൻസ് കോർപറേഷന്റെ വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, കെ.എസ്.ഇ.ബിയുടെ വൈദ്യുത പദ്ധതികളും ഗുണഭോക്താക്കളും, നാഷണൽ തെർമൽ പവർ കോർപറേഷന്റെ വൈദ്യുത സ്ഥാപിത ശേഷി വികസനം, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഒരു രാഷ്ട്രം ഒരു ഗ്രിഡ്, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജം , പവർ ഫിനാൻസ് കോർപ്പറേഷന്റെ ഉപഭോക്ത അവകാശങ്ങൾ എന്നീ ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത്. കിടങ്ങൂർ എൻജിനീയറിങ്ങ് കോളജിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണം മൈമും, കോട്ടയം ബസേലിയസ് കോളജിന്റെ നൃത്ത കലാ പരിപാടി ത്രേയ, ബസേലിയസ് കോളേജിന്റെ ലഘുനാടകങ്ങളായ വിദ്യുച്ഛക്തി,ഭൂമിക എന്നിവയും അരങ്ങേറി.
വൈദ്യുതി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ഗ്രാന്റ് ഫിനാലെ ഇന്ന്( ജൂലൈ30) രാവിലെ 12.30ന് കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കും. ചടങ്ങിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ തത്സമയ സംപ്രേക്ഷണം നടക്കും. വൈദ്യുതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.