മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.എം.ഡി.ആർ.എഫ് ഓൺലൈൻ പേമെൻറ് ഗേറ്റ് വേ മുഖേന ബുധനാഴ്ച വൈകിട്ട് ആറുമണിവരെ ലഭിച്ചത് 129 കോടി രൂപ. ഇതിനുപുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ ചൊവ്വാഴ്ച വരെ 259 കോടി രൂപയും ലഭിച്ചു. രണ്ടുദിവസങ്ങളിൽ ഓഫീസുകളിൽ നേരിട്ട് സംഭാവനയായി ലഭിച്ച ചെക്കുകളും മറ്റും ഇതിൽപ്പെടില്ല.
donations.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത് സി-ഡിറ്റാണ്. ഇതുവരെ മൂന്നുലക്ഷത്തിൽപരം പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി പണമടച്ചു. 181 രാജ്യങ്ങളിൽ നിന്നുമുള്ളവർ ഓൺലൈനായി സംഭാവന നൽകിയവരിൽപെടുന്നു. വെബ്‌സൈറ്റിലുള്ള ഏഴു ബാങ്ക് പേയ്‌മെൻറ് ഗേറ്റ്‌വേകളും നാല് യുപി.ഐകളും വഴി 90.4 കോടി രൂപയാണ് ലഭിച്ചത്. ഇതിനുപുറമേ ഈ വെബ്‌സൈറ്റിലുള്ള പേ റ്റി.എം ലിങ്ക് വഴി 17 ലക്ഷം പേ.റ്റി.എാ ഉപഭോക്താക്കളിൽ നിന്നുമായി 38.6 കോടി രൂപയും ഇതുവരെ ലഭിച്ചു.