കല്‍പ്പറ്റ: വിരുന്നെത്തിയ ദുരിത മഴ പതിയെ വെയിലിനു വഴിമാറിയപ്പോള്‍ വയനാടിന്റെ കുതിര്‍ന്ന മണ്ണ് കിളിര്‍ത്തു തുടങ്ങി. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്കു മാറി തുടങ്ങി. നിലവില്‍ 57 ക്യാമ്പുകളിലായി 2,613 കുടുംബങ്ങളില്‍ നിന്നുള്ള 9,322 പേര്‍ ഇപ്പോഴുണ്ട്. ഇതില്‍ 3,680 പുരുഷന്മാരും 4,041 സ്ത്രീകളുമാണ്. 1,601 കുട്ടികളുമുണ്ട്. നേരത്തെ ഇരുനൂറിനു മുകളില്‍ ക്യാമ്പുകളും മുപ്പതിനായിരത്തിലേറെ ദുരിതബാധിതരും ഉണ്ടായിരുന്ന സ്ഥാനത്താണിത്. മാനന്തവാടി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്-41. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ ജി.എച്ച്.എ.സിലാണ് ഈ ക്യാമ്പ്. 75 കുടുംബങ്ങളില്‍ നിന്നായി 280 പേര്‍ ഇവിടെ കഴിയുന്നു. ഇതില്‍ 99 പുരുഷന്മാരും 123 സ്ത്രീകളും 58 കുട്ടികളുമാണ്. വൈത്തിരി താലൂക്കില്‍ 15 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം, ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും ഇതോടെ കുറച്ചു. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ താല്‍ക്കാലികമായി അടച്ചു. ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം കടമാന്‍തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. 774.90 മീറ്ററാണ് റിസര്‍വോയറിലെ ജലനിരപ്പ്. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും യഥാക്രമം 15, 15, 20 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നുണ്ട്.