കല്‍പ്പറ്റ: പ്രളയകെടുതിയില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേറിട്ട രീതിയില്‍ സഹായമൊരുക്കി ടീം ഇന്‍ക്യുബേഷന്‍. നഷ്ടപ്പെട്ട നോട്ട്ബുക്കുകള്‍ക്ക് പകരം ഇതുവരെ പൂര്‍ത്തിയായ പഠന ഭാഗങ്ങള്‍ എഴുതി തയാറാക്കിയാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.
കോഴിക്കോട് കേന്ദ്രമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി സാമൂഹിക – വിദ്യാഭ്യാസ – മാനസിക ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണിത്. കേരളത്തിലെ വിവിധ ക്യാമ്പുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്‍ക്യുബേഷന്‍ ആരംഭിച്ച ക്യാമ്പയിനാണ് ടുഗെതര്‍ വി കാന്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനു സ്വീകാര്യത ലഭിച്ചു. അതുവഴി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ നോട്ട്ബുക്കുകള്‍ എഴുതി നല്കാന് തയാറായി. നിലവില്‍ 15000 ത്തോളം നോട്ട്ബുക്കുകള്‍ എഴുതി തയാറാക്കിയിട്ടുണ്ട്.
നിലവില്‍ ടീം ഇന്‍ക്യുബേഷന്‍ അംഗങ്ങളായ അനീസ് പൂവത്തിയും ജസീര്‍ പി. ബീരാനും ക്യാമ്പയിനെകുറിച്ചുള്ള വിവരങ്ങള്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാറിനെ അറിയിക്കുകയും ജില്ലയില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള അനുവാദം നേടുകയും ചെയ്തു. ഓണാവധി കഴിഞ്ഞ് സ്കൂളുകളിലേക്കെത്തുന്ന മുറയ്ക്ക് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കുകയാണ് ടീം ഇന്‍ക്യുബേഷന്റെ ലക്ഷ്യം.
