മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ജില്ലയിൽ 74.10 കോടി രൂപ ചെലവഴിച്ചതായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (ദിശ) യോഗം. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ 15 വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 59,096 കുടുംബങ്ങൾക്കായി 18.02 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 154 കുടുംബങ്ങൾക്ക് 100 തൊഴിൽദിനം പൂർത്തീകരിക്കാനായതായും തോമസ് ചാഴികാടൻ എം.പി.യുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ദിശ യോഗം വിലയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ 52.54 കോടി രൂപ അവിദഗ്ധ വേതനമായും 21.56 കോടി രൂപ മെറ്റീരിയൽ ഫണ്ടിനത്തിലും ചെലവഴിച്ചിട്ടുണ്ട്.
സമൂഹത്തോടുള്ള ഉത്തരവാദിത്തം മനസിലാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ചു പ്രവർത്തിച്ചാലേ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കാൻ കഴിയൂവെന്ന് തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. കാരിത്താസ് ജംഗ്ഷനിൽ പുതുതായി നിർമിക്കുന്ന ബസ് ഷെൽട്ടർ ഒക്ടോബർ 31 നകം പൂർത്തീകരിക്കണം. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി വിവിധ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. അവയുടെ വിനിയോഗം കാര്യക്ഷമമായി നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് വേണ്ടവിധം വിനിയോഗിക്കാൻ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ ഉദാസീനത പുലർത്തരുതെന്നും എം.പി. പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷൻ (അർബൻ) ഒന്നാംഘട്ട പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണെന്നും മാർച്ചിൽ പദ്ധതികൾ പൂർത്തീകരിക്കാൻ അനുമതി ലഭിച്ചെന്നും യോഗം വിലയിരുത്തി.

സ്വച്ഛ് ഭാരത് മിഷൻ (അർബൻ) ഒന്നാംഘട്ടം പദ്ധതികൾക്ക് സെപ്റ്റംബർ 15 വരെ നഗരസഭകൾക്ക് ശുചിത്വമിഷനിൽ നിന്ന് അനുവദിച്ച തുകയും ചെലവഴിച്ച തുകയും

ഏറ്റുമാനൂർ നഗരസഭ: 90.54 ലക്ഷം, 80.10 ലക്ഷം
ചങ്ങനാശേരി: 74.92 ലക്ഷം, 45.20 ലക്ഷം
ഈരാറ്റുപേട്ട: 52.21 ലക്ഷം, 46.27 ലക്ഷം
വൈക്കം: 35.74 ലക്ഷം, 26.73 ലക്ഷം
കോട്ടയം: 2.06 കോടി, 31.99 ലക്ഷം
പാലാ: 32.97 ലക്ഷം, 10.82 ലക്ഷം

അടിസ്ഥാന സൗകര്യ വികസനത്തിനായി അങ്കണവാടികളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ എം.പി. നിർദ്ദേശിച്ചു. വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ഓമന ഗോപാലൻ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, നഗരസഭാധ്യക്ഷ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.