കൊച്ചി: ദുരന്തങ്ങളെ സ്നേഹവും ഐക്യവും കൊണ്ട് എങ്ങനെ അതിജീവിക്കാം എന്നതിന് ഒരു ഉത്തമ മാതൃകയാണ് മുളന്തുരുത്തി ഗ്രാമം. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം സര്‍വ്വവും തകര്‍ത്തപ്പോള്‍ ജീവനുമായി രക്ഷപ്പെട്ടെത്തിയ മറ്റു നാട്ടിലെ ആളുകള്‍ക്ക് അവര്‍ സങ്കല്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ സ്നേഹവും കരുതലും ഒരുക്കി ഒരു നാട് അവരെ അമ്പരപ്പിച്ചു. ഈ സ്നേഹത്തിനും കരുതലിനും പിന്നില്‍ ത്യാഗനിര്‍ഭരമായ ഒരായിരം സുമനസ്സുകളുടെ പ്രയത്നം ഉണ്ട്.
പ്രളയം കാര്യമായി ദുരന്തം വിതക്കാത്ത പ്രദേശമാണ് മുളന്തുരുത്തി. പ്രളയം ദുരന്തം വിതച്ച ജില്ലയിലെ വടക്കന്‍ പറവൂര്‍, ചേരാനെല്ലൂര്‍, പുത്തന്‍വേലിക്കര, കുന്നുകര, കീഴ്മാട്, മൂത്തകുന്നം, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്നുള്ളവരുമാണ് ഇവിടെ അഭയാര്‍ഥികളായി എത്തിയവര്‍. ആകെ 13l8 പേര്. പ്രളയ ബാധിതര്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളുമുള്ള നാല് ക്യാമ്പുകളാണ് പഞ്ചായത്ത് സജ്ജീകരിച്ചത്. ക്യാമ്പുകളുടെ തിരഞ്ഞെടുപ്പും സജ്ജീകരണവും പ്രളയത്തിനുശേഷം അല്ല എന്നുള്ളതാണ് മുളന്തുരുത്തിയെ വ്യത്യസ്തമാക്കുന്നത്. കാലവര്‍ഷം കനത്താല്‍ ആളുകള്‍ അഭയാര്‍ത്ഥികളായി വന്നാല്‍ എന്തെല്ലാം വേണ്ടിവരുമെന്ന് പഞ്ചായത്ത് മുന്‍കൂട്ടി കണക്കാക്കി. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്റെ നേതൃത്വത്തില്‍ രണ്ട് അവലോകനയോഗങ്ങള്‍ ചേര്‍ന്നു. യോഗങ്ങളില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ദുരന്തത്തെ നേരിടാന്‍ മുളന്തുരുത്തിക്ക് പ്രാപ്തി നല്കി. അവലോകന യോഗത്തിനു ശേഷം പഞ്ചായത്ത് അധികൃതര്‍ വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്കി. അങ്ങനെ ഒരു നാട് മറ്റു ദേശങ്ങളില്‍ നിന്നുള്ള ദുരന്തബാധിതരെ സ്വീകരിക്കാന്‍ ഒറ്റക്കെട്ടായി അണിനിരന്നു.
ആരക്കുന്നം സെന്റ് ജോര്‍ജ് സ്കൂള്‍, മുളന്തുരുത്തി നിര്‍മല ആര്‍ട്ട്സ് കോളേജ്, പെരുമ്പള്ളി ഹെയ്ല്‍ മേരീസ് സ്കൂള്‍, വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചത്. ആളുകളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ശുദ്ധ ജല ലഭ്യതയും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും എല്ലാം മുന്നില്‍കണ്ടാണ് ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ തീരുമാനിച്ചത്. ഭക്ഷണത്തിന് ഈ ക്യാമ്പുകളില്‍ യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. വിവിധ വ്യക്തികളും സന്നദ്ധസംഘടനകളും ക്യാമ്പുകളിലേക്കുള്ള ഭക്ഷണം സ്പോണ്സര് ചെയ്യുകയായിരുന്നു. ഇതുകൂടാതെ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കാറ്ററിംഗ് യൂണിറ്റുകളും ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിച്ചു. ക്യാമ്പുകളിലെ ശുചീകരണം അടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഐസിഡിഎസ് ജീവനക്കാരും വിവിധ സന്നദ്ധസംഘടനകളും അണിനിരന്നു.
ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ മാനസികസംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ കലാപരിപാടികളാണ് ക്യാമ്പുകളിള്‍ സജ്ജീകരിച്ചിരുന്നത്. ഐ.സി.ഡി.എസിന് കീഴില്‍ കൗണ്‍സലിംഗ് നടത്തുന്നവരുടെ ക്ലാസുകള്‍ക്ക് പുറമെ എല്ലാ ക്യാമ്പുകളിലും വൈകിട്ട് കലാസന്ധ്യ നടത്തി. ക്യാമ്പ് കമ്മറ്റി അംഗങ്ങള്‍, ക്യാമ്പുകളിലുള്ളവര്‍ എന്നിവര്‍ക്ക് പുറമേ പ്രശസ്തരായ പല കലാകാരന്മാരെയും അണിനിരത്തി വിവിധ കലാപരിപാടികള്‍ ക്യാമ്പുകളില്‍ അവതരിപ്പിച്ചു. ബാഹുബലി സിനിമയിലൂടെ പ്രസിദ്ധനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ്‍, സാജു നവോദയ തുടങ്ങിയ വിവിധ കലാകാരന്മാരെ അണിനിരത്തിയായിരുന്നു ക്യാമ്പുകളിലെ കലാപരിപാടികള്‍. വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതനിലെ ക്യാമ്പില്‍ ആസിയ ബീവി എന്ന വീട്ടമ്മ സിനിമാ ഗാനത്തോടൊപ്പം ചുവടുവെച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശസ്തമായി. ഇത്തരം കലാപരിപാടികള്‍ ദുരിതബാധിതരില്‍ ആത്മവിശ്വാസം വളര്‍ത്താനും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുവാനും സഹായിച്ചുവെന്ന് ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍ പറയുന്നു.
പേമാരിയുടെ നാളുകളില്‍ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബവുമായി ആരക്കുന്നം ക്യാമ്പിലെത്തിയ വടക്കന്‍ പറവൂര്‍ സ്വദേശി കെ.എസ് സുമേഷ് എന്ന യുവാവിന് വന്‍കുടലില്‍ ബാധിച്ച അസുഖത്തെതുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഓഗസ്റ്റ് 16 ന് ക്യാമ്പിലെത്തിയ രാത്രി തന്നെ ആരക്കുന്നം എ .പി വര്‍ക്കി മിഷന് ഹോസ്പിറ്റല്‍ ശാസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്കി. ശസ്ത്രക്രിയയ്ക്കുശേഷം ആവശ്യമായ മരുന്നും ഭക്ഷണവും വസ്ത്രവുമെല്ലാം ഒരുക്കിയത് ആരക്കുന്നം സെന്റ് ജോര്‍ജ് യൂത്ത് ഓര്ഗനൈസേഷന് സെക്രട്ടറി ബേസിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇദ്ദേഹത്തിന് അണുബാധ ഏല്‍ക്കാതിരിക്കാന്‍ വേണ്ടി ആരക്കുന്നം പള്ളി കമ്മിറ്റി അവരുടെ മാനേജിങ് കമ്മിറ്റി ചേരുന്ന ഹാള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി. ദുരന്തവും രോഗവും വേട്ടയാടിയ സമയത്ത് തന്നെയും കുടുംബത്തെയും സംരക്ഷിച്ച നാടിനെ നന്ദിയോടെ സ്മരിക്കുന്നു സുമേഷ്.
ക്യാമ്പുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ വസ്ത്രങ്ങളും പാത്രങ്ങളും ഒരു മാസത്തേക്ക് അവരുടെ വീടുകളിലേക്ക് വേണ്ട അരിയും പയര്‍വര്‍ഗങ്ങളും മറ്റ് അവശ്യ സാധനങ്ങളും എല്ലാമടങ്ങിയ കിറ്റുകള്‍ നല്‍കിയാണ് ആരക്കുന്നം ക്യാമ്പിന്റെ ഭരണസമിതി ഇവരെ യാത്രയാക്കിയത്. ഇതുകൂടാതെ ക്യാമ്പിലെ എല്ലാ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളും വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ പല സ്കൂളുകളില്‍നിന്നായി സമാഹരിച്ചും ഈ ക്യാമ്പ് കമ്മറ്റി നല്കി. ഇതിനെല്ലാം പുറമേ ആദ്യം ക്യാമ്പ് വിട്ട കുടുംബങ്ങള്‍ക്ക് യാത്രാ ചെലവും നല്‍കിയാണ് കമ്മിറ്റി യാത്രയാക്കിയത്.
ആരക്കുന്നം പള്ളി മാനേജ്മെന്റ് അംഗങ്ങളായ സി. കെ. റെജി, ഫാദര്‍ സാംസണ് മേലോത്ത്, ഫാദര്‍ ഫെബു വെട്രിപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘം ദുരിത ബാധിത മേഖലകളില്‍ ശുചീകരണത്തിനിറങ്ങി. ഒരു ടാങ്കറില്‍ ശുദ്ധജലവും ബസ് നിറയെ ആളുകളുമായി ക്യാമ്പ് നിവാസികളുടെ വീടുകള്‍ ഈ സംഘം ശുചീകരിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ വൈദ്യുതിക്ഷാമം ഉള്ളതിനാല്‍ ജനറേറ്റര്‍, കിണറുകള്‍ വൃത്തിയാക്കുന്നതിനായി പമ്പ് സെറ്റുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെ ആയിരുന്നു മൂന്നുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
പിന്നീട് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വില്ലേജ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ അടങ്ങിയ വലിയ സംഘം കുന്നുകര പഞ്ചായത്തിലെ വീടുകള്‍ ശുചീകരിച്ചു. പുറമേ ഒരു ടെമ്പോ നിറയെ അവശ്യവസ്തുക്കളും വിതരണം ചെയ്തു.
മുളന്തുരുത്തി ഐ.സി.ഡി.എസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നമിത ഇ. ടി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജീന ടി.കെ എന്നിവരുടെ നേതൃത്വത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ 54,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചു. കൂടാതെ വളരെവേഗം ക്യാമ്പുകളിലേക്ക് ആവശ്യമായ പായകള്‍ തുണികള്‍ തുടങ്ങിയവ ലഭ്യമാക്കുവാനും ഇവര്‍ക്ക് സാധിച്ചു.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആരോഗ്യ വിഭാഗങ്ങളും ക്യാമ്പുകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വാക്സിനേഷന് അടക്കമുള്ള മുന്‍കരുതലുകള്‍ എല്ലാ ക്യാമ്പുകളിലും തുടക്കത്തിലെ സ്വീകരിച്ചിരുന്നു. കാര്യമായ ഒരു ആരോഗ്യ പ്രശ്നവും ക്യാമ്പുകളില്‍ ഉണ്ടായില്ല. മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള ഡോ. ഷാജിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പെരുമ്പിള്ളി സ്കൂളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ വിവിധ സ്വകാര്യ ക്ലിനിക്കുകളിലെയും ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പുകളില്‍ ലഭ്യമായിരുന്നു. മുളന്തുരുത്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം പ്രളയ ബാധിതര്‍ക്കായി നീക്കി വെക്കുകയും ചെയ്തു.
caption -ആരക്കുന്നം സെന്റ് ജോർജ്ജ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരികെ പോകുന്നവർ