പ്രളയം ഏറ്റവുമധികം നാശം വിതച്ച ആറ് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ പൂര്‍വസ്ഥിതിയിലേക്കെത്തുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, എറണാകുളം, വയനാട് ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 15715 സ്‌ക്വാഡുകളാണ് ശുചീകരണം നടത്തുന്നത്. ആറ് ജില്ലകളിലെ 387 ഗ്രാമപഞ്ചായത്തുകളില്‍ 350 എണ്ണവും പ്രളയക്കെടുതി ബാധിച്ചവയാണ്. വെളളം കയറി ദുരിതത്തിലായ 543422 ല്‍ 379003 വീടുകള്‍ ബുധനാഴ്ച വരെ വൃത്തിയാക്കി താമസയോഗ്യമാക്കി.
10864 മൃഗങ്ങളുടെയും 388681 പക്ഷികളുടെയും ശവശരീരം മറവു ചെയ്തു. ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്ന് ചെലവ് ചെയ്യുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുചീകരണത്തിന്റെ ഭാഗമായി 1489 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുകയും 2247 ടണ്‍ അജൈവമാലിന്യം ശേഖരിക്കുകയും ചെയ്തു.
പോലീസ് മുഖേന ലഭിച്ച 4000 ഗംബൂട്ടുകള്‍ക്കും ഗ്ലൗസുകള്‍ക്കുമൊപ്പം പഞ്ചായത്ത് ഡയറക്ടറേറ്റിലെ കളക്ഷന്‍ സെന്ററില്‍ സംഭരിച്ച 51 ടണ്‍ ബ്ലീച്ചിംഗ് പൗഡറും ശുചീകരണത്തിനുളള ഉപകരണങ്ങളും പ്രളയബാധിത ജില്ലകളില്‍ എത്തിച്ചിരുന്നു. നേരത്തെ 67 ലോഡ് ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അവശ്യസാധനങ്ങള്‍ ദുരിതബാധിതപ്രദേശങ്ങളില്‍ എത്തിച്ചു.
പ്രളയക്കെടുതിയില്‍ നാശമുണ്ടായ 36 ഗ്രാമപഞ്ചായത്ത് ഓഫീസുകളാണ് സംസ്ഥാനത്തുളളത്. ലാപ്ടോപ്, നെറ്റ്സെറ്റര്‍, ഫോട്ടോകോപ്പിയര്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാടകയ്ക്കെടുത്ത് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.പി.അജിത് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഡയറക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരടങ്ങിയ സംഘം പ്രളയത്തില്‍ മുഴുവന്‍ രേഖകളും നശിച്ച ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ശുചീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കി. ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രവും ആയുര്‍വേദ ആശുപത്രിയും ശുചിയാക്കിയിരുന്നു.