ആലപ്പുഴ: ഒരാഴ്ചയ്ക്കകം കൈനകരി ഉൾപ്പെടെയുളള കുട്ടനാടൻ മേഖലയിലെ വെള്ളം വറ്റിക്കാൻ കഴിയുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ.കുട്ടനാട്ടിൽ ഏറ്റവും വലിയ തകർന്ന കനകശ്ശേരി മടയുടെ മടകുത്ത് പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. വെള്ളത്തിൽ മുങ്ങി നശിച്ച മോട്ടോർ നന്നാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. പാടശേഖര സമിതിക്കും പമ്പിങ്ങ് കോൺട്രാക്ടർമാർക്കും അടിയന്തിര സാഹചര്യം പരിഗണിച്ച് ഏറ്റവും പെട്ടെന്ന് വെള്ളം വറ്റിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. മോട്ടോർ വെക്കാതെ തന്നെ മട ചെറിയ രീതിയിൽ തുറന്ന് വിട്ട് ജലനിരപ്പ് കുറയ്ക്കാനാകുന്ന സ്ഥലങ്ങളിൽ അത് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ വെള്ളം ഒഴുക്കിവിട്ട ശേഷം മടകത്താനുള്ള ചെലവ് സർക്കാർ നൽകും. ആലപ്പഴ_ ചങ്ങനാശ്ശേരി റോഡിലെ വെള്ളം താന്നാൽ ഉടനെ അവിടുത്തെ പമ്പുകളും ഇങ്ങോട്ട് കൊണ്ടുവന്ന് പ്രവർത്തിപ്പിക്കും. കനകാശ്ശേരിയിലെ മടകുത്തുന്നതിന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ചെളി കൊണ്ടുവരാൻ ബാർജ് എത്തിയിട്ടുണ്ട്.