ആലപ്പുഴ: കുട്ടനാട് മേഖലയിലെ ഔദ്യോഗിക ശുചീകരണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പൊതുഗതാഗത സേവനങ്ങൾ നിർത്താനും ഇനിയും ശുചീകരണത്തിന് എത്തുന്നവർ തങ്ങളുടെ വാഹനസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ ഇത്തരത്തിൽ വരുന്നവർക്ക് ഓരോ കേന്ദ്രത്തിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലൂടെ ഭക്ഷണവും വെള്ളവും നൽകും. ശുചീകരണത്തിനു വരുന്നവർ ജില്ല ഭരണകൂടത്തെ വിവരം ധരിപ്പിക്കണമെന്നും പൊതുഗതാഗത സംവിധാനത്തിന്റെ ദുർവ്യയം ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കൈനകരി, നെടുമുടി, ചമ്പക്കുളം എന്നിവടങ്ങളിലൊഴികെ ഏതാണ്ടെല്ലായിടത്തും ഇതിനകം ശുചീകരണം പൂർത്തിയായിട്ടുണ്ട്. ഇനിയും ഏതെങ്കിലും പ്രദേശത്ത് ശുചീകരണം നടത്തുന്നതിന് പഞ്ചായത്തു പ്രസിഡന്റുമാരുടെ ആവശ്യപ്രകാരം എത്തുന്നവർക്കായി പ്രത്യേക സൗകര്യം ചെയ്യുന്നത് പരിഗണിക്കാൻ മന്ത്രി ജില്ല കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടനാട്ടിൽ എല്ലാവർക്കും കിറ്റ്:
ബാങ്ക് രേഖ നോക്കാനാണ് ഉദ്യോഗസ്ഥർ
ആലപ്പുഴ: കുട്ടനാട്ടിലെ എല്ലാവർക്കും അവശ്യസാധനങ്ങളുടെ കിറ്റ് കിട്ടുമെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. മറ്റു താലൂക്കുകളിൽ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തവർക്കാണ് കിറ്റ്. ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നത് ബാങ്ക് രേഖകളും മറ്റും നോക്കാനാണെന്നും വെള്ളപ്പൊക്കം പരിശോധിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈമാസം അഞ്ചിനകം അർഹരായ എല്ലാവർക്കും കിറ്റും പണവും ലഭ്യമായെന്നുറപ്പാക്കാൻ അദ്ദേഹം ജില്ല കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കിറ്റും പണവും സംബന്ധിച്ച് ആർക്കും ഒരാശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.