പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. പൈനാവിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലണ് സന്ദര്‍ശനം നടത്തിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനും കുട്ടികളുമായി പുതുവര്‍ഷം ആഘോഷിക്കാനും ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുമായി സംവദിക്കാനുമാണ് ഡയറക്ടര്‍ എത്തിയത്. കുട്ടികളെ പരീക്ഷക്കും കലാകായിക മല്‍സരങ്ങള്‍ക്കും സജ്ജമാക്കുന്നതിന് പ്രത്യേക കോച്ചിങ്ങും പരിശീലനവും നല്‍കാനും സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ത്വരിതഗതിയിലാക്കാനും സന്ദര്‍ശനത്തിനിടെ ഡയറക്ടര്‍ പൈനാവ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തോടെ സ്‌കൂളിലെ പുതിയ ഹയര്‍സെക്കണ്ടറി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കാനാവുന്ന വിധത്തില്‍ മരാമത്ത് പണികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദേശിച്ചു.

പൈനാവിലെ ഏകലവ്യ സ്‌കൂളില്‍ ഡയറക്ടറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷത്തില്‍ കുട്ടികളുടെ പ്രതിനിധികള്‍ കേക്ക് മുറിക്കുകയും ഡയറക്ടര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന അദ്ദേഹം പഠനമായിരിക്കണം കുട്ടികളായ നിങ്ങളുടെ ഏറ്റവും പ്രധാന മുന്‍ഗണനയെന്ന് ഹൃസ്വമായ ഇന്ററാക്ഷന്‍ സെഷനില്‍ അവരെ ഉദ്‌ബോധിപ്പിച്ചു. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ദേശീയ കായിക മേളയില്‍ 400 മീറ്ററിലും തയ്‌കൊണ്ടോയിലും സ്വര്‍ണമെഡല്‍ നേടിയ മനുഗോപി, പ്രഭു എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആദരിച്ചു.ഐ.ടി.ഡി.പി. പ്രൊജക്ട് ഡയറക്ടര്‍ അനില്‍ കുമാര്‍, തൊടുപുഴ ഡി.ഇ.ഒ. ശ്രീലത, ഹെഡ്മിസ്ട്രസ് ജെസിമോള്‍, സീനിയര്‍ സൂപ്രണ്ട് വര്‍ഗീസ്, പൊതുമരാമത്ത് വകുപ്പിലെയും പട്ടികവര്‍ഗ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10.30 ന് മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിയ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യാപകരുമായി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം, അക്കാദമിക് വിഷയങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ഥികളുമായും അദ്ദേഹം സംവദിച്ചു. സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പ്രത്യേക കെട്ടിടം, കുട്ടികള്‍ക്ക് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക്, കായിക മേഖലയില്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്ക് അഡ്മിഷന്‍ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും സ്‌ക്കൂള്‍ മിക്‌സഡ് ആക്കുന്നതിനുള്ള സാധ്യത ആരായുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എ നജീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍, സീനീയര്‍ സൂപ്രണ്ട്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗശേഷം മൂന്നാര്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.