പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ കൈനകരിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഫിനിഷിങ് പോയിന്റിൽ നിർവഹിച്ചു. കുട്ടനാട്ടിലെ മുഴുവൻ റേഷൻ കടകളും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് ബോട്ടിൽ റേഷൻ വിതരണം നടത്തുന്നത്. പ്രളയം ഏറെ ബാധിച്ച കൈനകരിയിലേക്ക് രണ്ടു ബോട്ടുകളിലായി മൂന്നു റേഷൻകടകൾ ആണ് പ്രവർത്തിപ്പിക്കുക. റേഷൻകടകളിലെ ഇ- പോസ്റ്റ് മെഷീനിലൂടെ 88 ശതമാനം കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ കഴിഞ്ഞതായി ഫ്‌ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ സൗജന്യ റേഷന് പുറമേ അഞ്ചു കിലോഗ്രാം അരി കൂടി നൽകുന്നുണ്ട്. സംസ്ഥാനത്ത് 12 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു കിലോ അരി വീതം നൽകിക്കഴിഞ്ഞു. ധാന്യ വിതരണത്തിന് സമയം എട്ടാം തിയതി വരെ നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും സമയം നീട്ടിനൽകാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്ടിൽ ഭക്ഷ്യക്ഷാമമില്ല. കേരളത്തിലെ എല്ലാ ദുരിത ബാധിത പ്രദേശത്തും ഫലപ്രദമായി ധാന്യ വിതരണം നടക്കുന്നുണ്ട.് ആയിരക്കണക്കിന് ക്യാമ്പുകളിൽ പരാതികൾ ഇല്ലാത്തവിധം ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വെള്ളത്തിൽ മുങ്ങിയ റേഷൻ കടകളിലെ മോശമായ ധാന്യങ്ങൾ നിയമപ്രകാരം നശിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കും മൊബൈൽ നമ്പർ നൽകിയാൽ മൊബൈൽ റേഷൻ കടയിൽനിന്ന് റേഷൻ വാങ്ങാം. കുട്ടനാട്ടിലെ 12 മാവേലി സ്റ്റോറുകളും വെള്ളത്തിലായി. ഈ സാഹചര്യത്തിൽ രണ്ടു സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ കൂടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
