വയനാട്: പ്രളയബാധിതരായവര്‍ക്കു നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതിയായ റിസര്‍ജന്റ് കേരള വായ്പാ സ്‌കീം വേഗത്തിലാക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ ഒറ്റത്തവണ സമാശ്വാസ ധനസഹായമായ 10,000 രൂപ ലഭിച്ച കുടുംബങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് അംഗത്വം നേടുന്ന മുറയ്ക്കും വായ്പ ലഭ്യമാവും.
ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപയായിരിക്കും ലഭ്യമാക്കുക. പ്രളയബാധിത കുടുംബങ്ങളിലെ ആറുലക്ഷം പേരില്‍ ഭൂരിപക്ഷം കുടുംബങ്ങളും കുടുംബശ്രീ അംഗങ്ങളാണ്. അതിനാല്‍ തന്നെ പരമാവധി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. അര്‍ഹരായവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അയല്‍ക്കൂട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന തുകയാണ് വായ്പയായി ലഭിക്കുന്നത്. യഥാര്‍ത്ഥ ഗുണഭോക്താവിന് അര്‍ഹതപ്പെട്ട വായ്പ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനും അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയും
അയല്‍ക്കൂട്ടങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗും നടത്തും. ഗുണഭോക്താവ് കൂടി പങ്കെടുത്തുകൊണ്ട് പങ്കാളിത്ത രീതിയില്‍ നടക്കുന്ന ആവശ്യകത നിര്‍ണയം അഴിമതിയും സ്വജനപക്ഷപാതവും കടന്നുകൂടാതിരിക്കാന്‍ സഹായകരമാണ്. അയക്കൂട്ടങ്ങളുടെ ഈടില്ലാത്ത വായ്പാ പരിധി 10 ലക്ഷമായി നിജപ്പെടുത്തികൊണ്ട് ബാങ്കുകളുടെ സംസ്ഥാനതല സമിതി തീരുമാനമെടുത്തിരുന്നു. അതോടൊപ്പം ബാങ്കുകളുടെ തീരുമാന പ്രകാരം അയല്‍ക്കൂട്ടങ്ങളുടെ മുന്‍ വായ്പാ ബാധ്യതയും കണക്കാക്കിയാണ് വായ്പയുടെ അളവ് നിശ്ചയിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ യോഗം ചേര്‍ന്ന് നിലവിലുള്ള അംഗങ്ങളുടെ ആവശ്യകതാ നിര്‍ണയം നടത്തി അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കും. ഈ മാസം 25ന് ആദ്യഘട്ട വായ്പ ലഭ്യമാവും. ഈ വായ്പയുടെ ഒമ്പതു ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനാണ് വായ്പ പ്രധാനമായും ഉപയോഗിക്കുന്നത്. വായ്പ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി കമ്പനി അധികൃതരുമായി തദ്ദേശസ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തിവരികയാണെന്നും പദ്ധതി സുതാര്യമായും വേഗത്തിലും നടപ്പാക്കുന്നതിനായി എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.