കൊച്ചി: കോതമംഗലം താലൂക്കിലെ 14 ലൈബ്രറികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഫര്‍ണീച്ചര്‍ അനുവദിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.
വായന മരിക്കുന്നു എന്ന് മുറവിളി ഉയരുന്ന ഈ കാലത്ത്, നവ മാധ്യമങ്ങള്‍ ചെറുപ്പക്കാരില്‍ ഇടപെടുന്ന കാലത്ത് എല്ലാവരേയും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടല്‍ ഗുണകരമാകുമെന്ന് എംഎല്‍എ പറഞ്ഞു. താലൂക്കിലെ 14 ലൈബ്രറികള്‍ക്കും 25,000 രൂപയുടെ ഫര്‍ണീച്ചര്‍ ആണ് നല്‍കിയത്. ലൈബ്രറികളുടെ നവീകരണത്തിനായുളള ഫണ്ട് അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അറിയിച്ചു.
കോതമംഗലം താലൂക്കിലെ ലൈബ്രറികള്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ആധുനിക കാലത്തേക്ക് വായനശാലകളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നവീകരിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.പി. മുഹമ്മദ്, പ്രസിഡന്റ് മനോജ് നാരായണന്‍, ലൈബ്രറി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കോതമംഗലം ബ്ലോക്ക് താലൂക്കിലെ ലൈബ്രറികള്‍ക്ക് നല്‍കുന്ന ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിക്കുന്നു.