മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷിക പരിപാടികളുടെ തുടക്കംകുറിച്ച് ഗാന്ധിജയന്തിവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
രാവിലെ 7.30ന് ഗാന്ധിപ്രതിമയില്‍ മുഖ്യമന്ത്രിയുള്പ്പെടെയുള് ളവര്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും ഉദ്ഘാടനചടങ്ങ്. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഡോ. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗായകന് കെ.ജെ. യേശുദാസ്, സ്വാതന്ത്ര്യസമരസേനാനികളായ പി. ഗോപിനാഥന് നായര്‍, അഡ്വ. കെ. അയ്യപ്പന് പിള്ള, ഗാന്ധി സ്മാരകനിധി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എന്‍. രാധാകൃഷ്ണന്, കൗണ്‍സിലര്‍ എസ്.കെ.പി രമേശ് തുടങ്ങിയവര്‍ സംബന്ധിക്കും. ഐ.പി.ആര്.ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ. സന്തോഷ്കുമാര്‍ സ്വാഗതവും അഡീ. ഡയറക്ടര്‍ (ജനറല്‍) പി.എസ്. രാജശേഖരന് നന്ദിയും പറയും.
രാവിലെ ഏഴുമുതല്‍ ഗാന്ധിപാര്‍ക്കില്‍ സ്വരാഞ്ജലി അവതരിപ്പിക്കുന്ന ദേശഭക്തി ഗാനാഞ്ജലി ഉണ്ടായിരിക്കും. പരിപാടികളോടനുബന്ധിച്ച് സമൂഹ ചിത്രരചന മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി പുന:സ്ഥാപനം, ദുരിതത്തിലായവര്‍ക്ക് സേവനം, പുനര്‍നിര്‍മാണം, സാന്ത്വനം, ശുചീകരണം എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വിവിധ സര്‍ക്കാര്‍വകുപ്പുകളും സ്ഥാപനങ്ങളും ഗാന്ധിയന്‍ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്താകെ ഗാന്ധിജയന്തി വാരം ആചരിക്കുന്നത്.