നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പുനര്‍ജ്ജനി സമൂഹചിത്ര രചന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എയും സമൂഹചിത്ര രചനയുടെ ഭാഗമായി. ഗാന്ധിയന്‍ ആശയങ്ങളിലൂന്നി ഒറ്റമനസ്സോടെ കരുത്തുറ്റ നേതൃത്വത്തിന്റെ മികവില്‍  പ്രളയത്തില്‍നിന്ന് കരകയറിയ കേരളം മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്‍ കോറിയിട്ടു. ഗാന്ധിജിയും മുഖ്യമന്ത്രിയും കേരളത്തെ പ്രളയജലത്തില്‍നിന്ന് ഉയര്‍ത്തുന്ന ചിത്രമാണിത്.
പ്രളയജലത്തില്‍ നിന്നും ചിറകടിച്ചുയരുന്ന വീടിനെ പ്രതീകാത്മകമായി വരിച്ചിട്ട എ.കെ.ഗോപിദാസ്, സിംപിള്‍ ലിവിംഗ് ഗ്രേറ്റ് തിങ്കിംഗ് എന്നെഴുതിയതിനു ചുവട്ടില്‍ ഗാന്ധിരൂപം ലളിതമായി വരച്ച് 150 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്മരണ പുതുക്കി കാര്‍ട്ടൂണിസ്റ്റ് സുജിത്, പ്രളയത്തില്‍ നിന്നു കേരള ഭൂപടം ചിറകുമായി പറന്നുയരുന്ന ചിത്രം വരച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരനും കാര്‍ട്ടൂണിസ്റ്റുമായ എം.എസ്.രഞ്ജിത് എന്നിവര്‍ അണിനിരന്നു.
മഴു എറിഞ്ഞ് സൃഷ്ടിച്ചതിനെ തുഴയെറിഞ്ഞ് വീണ്ടെടുത്ത ധീരതയ്ക്ക് ആശംസകള്‍ എഴുതി ചുവടെ തോണിയില്‍ തുഴയേന്തിയ മത്സ്യതൊഴിലാളിയെ പരശുരാമന്‍ സ്തുതിക്കുന്ന ചിത്രം കാര്‍ട്ടൂണിസ്റ്റ് ഹരികുമാര്‍ വരച്ചപ്പോള്‍ വേണു തെക്കേമഠം ചിറകുവിരിച്ച് ഉയരുന്ന ഫിനിക്‌സ് പക്ഷിയായി കേരളത്തെ ചായത്തില്‍ ചാലിച്ചു. തോണിയിലും ഹെലികോപ്ടറിലും ഒരുമയോടെ നടന്ന രക്ഷാപ്രവര്‍ത്തനം മേഘപാളികള്‍ക്കിടയിലൂടെ കാണുന്ന ഗാന്ധിയാണ് ആര്‍ട്ടിസ്റ്റ് വി.എസ്.പ്രകാശ് വരച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പൊതുജനങ്ങളും നീണ്ട ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു.