വയനാട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ
നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് സാക്ഷരത മിഷന്‍ പ്രളയാനന്തര സര്‍വേയോടെ പൊഴുതന പഞ്ചായത്തില്‍ തുടക്കം. പ്രളയാനന്തര കേരളം എന്തു ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ഏകദിന സര്‍വേ പത്താംവാര്‍ഡ് മീഞ്ചാലില്‍ പള്ളിപ്പാറ പി.പി അബ്ബാസിന്റെ അഭിപ്രായങ്ങള്‍ സര്‍വേ ഫോറത്തില്‍ രേഖപ്പെടുത്തി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനതയെ ഒറ്റക്കെട്ടായി അണിനിരത്താന്‍ കഴിഞ്ഞ മികച്ച നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയദുരിതങ്ങളിലും മഹാത്മാഗാന്ധിയുടെ കാലത്തെ ആഹ്വാനം പോലെ തന്നെ കേരളം ഒറ്റക്കെട്ടായി നേരിട്ടു. ജാതിമത ചിന്താഗതികള്‍ക്കതീതമായി ജനങ്ങള്‍ അണിനിരന്നു. പുനര്‍നിര്‍മാണ പ്രക്രിയയില്‍ കല്ലും മണലും കുറച്ചുകൊണ്ടുള്ള നിര്‍മാണ സമ്പ്രദായം പിന്തുടരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പല ലോകരാജ്യങ്ങളും ഇത്തരം രീതികള്‍ ചെയതുവരുന്നുണ്ട്. ഇതിന്റെ അനുഭവങ്ങള്‍ പഠിക്കാന്‍ വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാവണം നവകേരള പുനര്‍ നിര്‍മ്മിതിയെന്നും ഭാവികാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാക്ഷരത മിഷന്‍ സര്‍വേ റിപോര്‍ട്ട് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകളിലും ജില്ലയില്‍ 7,500 വീടുകളിലുമാണ് സര്‍വേ നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കളായ 1,500 പേരാണ് സര്‍വേ നടത്തുന്നത്. പ്രളയദുരന്തത്തെ കുറിച്ച് സമൂഹത്തിനുള്ള അവബോധം, നവകേരള നിര്‍മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണ് പഠനവിധേയമാക്കുന്നത്. പ്രളയ ദുരന്തത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞത് എങ്ങനെ, പ്രളയാനന്തരം പടര്‍ന്നു പിടിക്കാവുന്ന രോഗങ്ങള്‍ എന്തൊക്കെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയായി, കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അറിവുണ്ടോ, ദുരിതാശ്വാസ പ്രതിരോധത്തെക്കുറിച്ച് അറിവുണ്ടോ, ദുരന്തമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് അറിവുണ്ടോ, ദുരന്തത്തെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ് ഉത്തരവാദിത്തം, ദുരന്ത പ്രതിരോധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ 15 ചോദ്യങ്ങളുടെ പ്രതികരണമാണ് സര്‍വേയിലൂടെ പ്രളയബാധിതരില്‍ നിന്നും ആരായുന്നത്. ഒക്ടോബര്‍ ഏഴിന് പഠന കേന്ദ്രങ്ങളില്‍ സര്‍വേ റിപോര്‍ട്ട് പ്രകാശനം ചെയ്യും. തുടര്‍ന്ന് ഒക്ടോബര്‍ 13ന് ലോക ദുരന്തനിവാരണ ദിനത്തില്‍ സംസ്ഥാന തലത്തില്‍ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

ചടങ്ങില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍. സതീഷ്‌കുമാര്‍ സ്വാഗതവും സാക്ഷരത മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എന്‍ ബാബു ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍ വിമല, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സി. ഉദയകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, പൊഴുതന പഞ്ചായത്ത് സെക്രട്ടറി കെ. സുന്ദരരാജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സെയ്ത്, പഞ്ചായത്ത് അംഗം ഉമ്മു സല്‍മ, സി.എച്ച് മമ്മി, എ.എന്‍ ഭാസി, ജൂനിയര്‍ സൂപ്രണ്ട് ഹനീഷ്, സെക്ടര്‍ കോ-ഓഡിനേറ്റര്‍ കെ. ഫാത്തിമ, അബ്ബാസ് പള്ളിപ്പാറ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ നന്ദി പറഞ്ഞു.