വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കഴിഞ്ഞയാഴ്ചയുണ്ടായ  വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്.
കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു  അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ  വിസ്മയ സാധ്യതകള്‍  തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാലഭാസ്‌കറിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടം : സാംസ്‌കാരിക
മന്ത്രി എ കെ ബാലന്‍
വയലിന്‍ സംഗീത പ്രതിഭ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ചെറുപ്രായത്തില്‍ തന്നെ രാജ്യാന്തര പ്രശസ്തി നേടാന്‍ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്‌കര്‍. ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടെയും ആല്‍ബങ്ങള്‍ക്കും പിന്നിട് സിനിമയ്ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച് ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കി. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുമ്പോള്‍ തന്നെ ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകര്‍ക്കും അദ്ദേഹം പ്രിയങ്കരനായി. ബാലയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനാജനകവും ഭാവി സംഗീതലോകത്തിന് വലിയ നഷ്ടവുമാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ മന്ത്രി കെ.കെ.ശൈലജ അനുശോചിച്ചു
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. യുവത്വത്തിന്റെ ആവേശമായ ഈ കലാകാരന്റെ വേര്‍പാട് മലയാളികളെയാകെ വേദനിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ തീവ്രദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.