വികസനത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യം വലുതാണെന്ന് ഗാന്ധിജി പ്രവൃത്തിയിലൂടെ കാട്ടിത്തന്നതായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. ഗ്രീന്‍പ്രോട്ടോക്കോള്‍ സംസ്ഥാനതല പ്രഖ്യാപനത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ‘ഗ്രീന്‍പ്രോട്ടോക്കോളും പരിസ്ഥിതി ബോധവും- ഗാന്ധിയന്‍ കാഴ്ചപ്പാടില്‍’ സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വം എന്നത് ഏറ്റവും വ്യക്തതയോടെ ഗാന്ധിജി ഉയര്‍ത്തിക്കാട്ടിയ വിഷയമാണ്. ശുചിത്വമെന്നത് പൊതുജനാരോഗ്യ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ധാര്‍മികമായ രീതിയില്‍ ‘ശുദ്ധമായ മനസ്’ എന്നതും അദ്ദേഹം എന്നും പറയുന്ന വിഷയമാണ്. ആത്മീയമായും സാംസ്‌കാരികമായും ഒക്കെ ശുചിത്വത്തിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കിയിട്ടുണ്ട്. ശുചിത്വമില്ലാത്ത ശരീരവും മനസും ഉണ്ടെങ്കില്‍ ദൈവകൃപ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ കാര്യത്തിലെ സാമൂഹികപ്രശ്‌നവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. എക്കാലവും പിന്നാക്ക സമുദായക്കാരാണ് ശുചീകരണത്തൊഴില്‍ നടത്തിയിരുന്നത്. അതിനെതിരെയും അദ്ദേഹം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. എങ്ങനെ മാലിന്യത്തില്‍നിന്ന് പണമുണ്ടാക്കാമെന്നും ഗാന്ധിജി വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
മനസില്‍ ശുചിത്വം സംബന്ധിച്ച ബോധം ഉണ്ടായാല്‍ത്തന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടാകുമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. പേനയ്ക്കും പെന്‍സിലിനും കിട്ടുന്ന മൂല്യം ചൂലിനും കിട്ടണമെന്ന പക്ഷക്കാരനായിരുന്നു ഗാന്ധിജിയെന്നും വിജയാനന്ദ് പറഞ്ഞു.
ശുചീകരണം അവരവര്‍ വീടുകളില്‍നിന്ന് തുടങ്ങണം. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമാണ് പാലിക്കേണ്ടത്. മാലിന്യം എങ്ങനെ തരംതിരിക്കണമെന്നും സംസ്‌കരിക്കണമെന്നതും സംബന്ധിച്ച് ഗാന്ധിജിക്ക് 70 വര്‍ഷം മുമ്പ് തന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്നദ്ധ സാങ്കേതികപ്രവര്‍ത്തകരുടെ സംഘം ശുചിത്വത്തിലും മാലിന്യസംസ്‌കരണത്തിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമാണെന്നും വിജയാനന്ദ് കൂട്ടിച്ചേര്‍ത്തു.
മാലിന്യസംസ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ സഹകരണം കൂടി ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ഷിബു കെ. നായര്‍, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സ്വാഗതവും സെക്രട്ടറി എല്‍.എസ്. ദീപ നന്ദിയും പറഞ്ഞു. ഹരിതകേരളം മിഷനും, തിരുവനന്തപുരം നഗരസഭയും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.