* ഓഖിയില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ജോലി
ഓഖി ദുരന്തം ജീവിതം തകര്‍ത്തെറിഞ്ഞ 42 സ്ത്രീകള്‍. ഓഖിയില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍. അവര്‍ പുതിയൊരു ജീവിതം നെയ്തെടുക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ജോലിയില്‍ പ്രവേശിച്ച് ജീവിതം കരുപ്പിടിക്കാനൊരുങ്ങുന്ന അവര്‍ക്ക് നാട് ഒക്ടോബര്‍ 3ന് സ്വീകരണം ഒരുക്കും.
മത്സ്യഫെഡിന്റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേരും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഒരാളും ജോലിക്കെത്തുമ്പോള്‍ അത് ഫിഷറീസ് വകുപ്പിന് അഭിമാന നിമിഷമാവും. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്കാണ് മുട്ടത്തറ ഫാക്ടറിയില്‍ ജോലി നല്‍കുന്നത്. ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ രുഗ്മിണിക്കാണ് കണ്ണൂര്‍ ഫാക്ടറിയില്‍ ജോലി ലഭിച്ചത്.
40 വയസില്‍ താഴെയാണ് എല്ലാവരുടെയും പ്രായം. ദുരന്തത്തില്‍ മരിച്ച വലിയവേളി വെട്ടുകാട് ഷിബു സേവ്യറിന്റെ ഭാര്യ ശെല്‍വമണിയാണ് കൂട്ടത്തില്‍ പ്രായം കുറഞ്ഞയാള്‍, 23 വയസ്. പതിനായിരം രൂപയാണ് ആദ്യ ഘട്ടത്തില്‍ ശമ്പളം. പത്താം ക്ളാസ് പാസായിട്ടില്ലാത്തവര്‍ക്കാണ് ഫാക്ടറികളില്‍ ജോലി നല്‍കുന്നത്.
വലയുടെ അറ്റകുറ്റപ്പണികള്‍, ബോബിംഗ് വയന്‍ഡിംഗ് ജോലികളാണ് ഇവര്‍ക്ക് നല്‍കുക. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ജോലി സമയം.
ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പത്തു ദിവസത്തെ തൊഴില്‍ പരിശീലനവും നല്‍കും. ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 3ന്  ഉച്ചയ്ക്ക് രണ്ടിന് ഫാക്ടറിയില്‍ സ്വീകരണം നല്‍കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി. ചിത്തരഞ്ജന്‍, എം. ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.