കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് 159 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് സൃഷ്ടിച്ചത്. മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാൻസർ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. സെന്ററിലെ 100 കിടക്കകൾക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചത്.
കാൻസർ ചികിത്സയിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യകേരളത്തിലെ രോഗികൾക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാൻസർ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. രോഗനിർണയം മുതൽ ശസ്ത്രക്രിയ, അത്യാധുനിക കാൻസർ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാൻ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടുന്ന ഈ സെന്റർ സംസ്ഥാനത്തെ കാൻസർ ചികിത്സാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും.
