ശുചിത്വ മിഷൻ  പുതുതായി ആരംഭിക്കുന്ന ‘വൃത്തി’ ന്യൂസ് ലെറ്റർ,  ‘മാലിന്യമുക്തം നവകേരളം’ പ്രതിവാര റേഡിയോ പരിപാടി, ദുരന്തവേളയിലെ മാലിന്യസംസ്‌കരണ പ്രോട്ടോക്കോൾ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്രഹ്‌മപുരത്തെ ആപത്തിനെ  അവസരമായിക്കണ്ട് പ്രവർത്തിച്ച സർക്കാർ മാലിന്യമുക്ത കേരളത്തിനായി ഹരിതകർമസേനയെ ശക്തിപ്പെടുത്തുന്നതിലും ജൈവ, അജൈവ മാലിന്യ ശേഖരണത്തിന് അടിസ്ഥാന സൗകര്യ സംവിധാനങ്ങളൊരുക്കുന്നതിലും വലിയൊരളവോളം മുന്നിലെത്തിക്കഴിഞ്ഞു. വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ മാതൃകകളുടെ ശരിയായ സംതുലനം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടത്.

അതു വിജയിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേന്ദ്ര സർക്കാരിന്റെ 2025 ലെ നഗര സ്വഛ് സർവേക്ഷണിൽ കേരളത്തിലെ നഗരങ്ങൾ വൻ മുന്നേറ്റമുണ്ടാക്കിയത്.  എന്നാൽ അതിനനുസരിച്ച് ജനങ്ങളുടെ ശീലങ്ങളിലും മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. ഇതിനുള്ള ബോധവത്കരണം ശക്തിപ്പെടുത്താൻ പ്രതിവാര റേഡിയോ പരിപാടിയും വൃത്തി ന്യൂസ് ലെറ്ററും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ അതോറിട്ടി അംഗം ഡോ. ജോയ് ഇളമൺ ദുരന്തനിവാരണ വേളയിലെ മാലിന്യസംസ്‌കരണ പ്രോട്ടോക്കോൾ എറ്റുവാങ്ങി. ശുചിത്വമിഷൻ തയ്യാറാക്കിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ബ്രാൻഡ് ബുക്ക്, ക്ലീൻ കേരള കമ്പനി പുതിയ ജനപ്രതിനിധികൾക്കായി തയ്യാറാക്കിയ ബ്രോഷർ എന്നിവയും മന്ത്രി പ്രകാശിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ്  പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, അർബൻ ഡയറക്ടർ അപൂർവ ത്രിപാഠി, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ  ഡോ. കെ. ഹരികുമാർ, കില ഡയറക്ടർ എ. നിസാമുദ്ദീൻ,  ആകാശവാണി റിജിയണൽ ചാനൽ മാനേജർ ഡോ. എ.ജി. ബൈജു, തദ്ദേശഭരണ ചീഫ് എൻജിനീയർ സന്ദീപ്, ശുചിത്വമിഷൻ ഡയറക്ടർ നീതുലാൽ എന്നിവർ സംബന്ധിച്ചു. ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് സ്വാഗതവും സീനിയർ കൺസൽട്ടന്റ് പി.എസ്. രാജശേഖരൻ നന്ദിയും പറഞ്ഞു.