കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഈ മാസം 22 ഓടെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കെ എസ് ആർ ടി സി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വിതരണത്തിനുള്ള ആദ്യ ഗഡു അനുവദിച്ചു കഴിഞ്ഞു. എന്നാൽ ജീവനക്കാർക്ക് തുക ഒന്നിച്ച് നൽകിയാൽ മതിയെന്ന തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗത്തിൽ അംഗീകരിച്ചു. വരുമാനം വർദ്ധിപ്പിച്ച് കൂടുതൽ മെച്ചപ്പെടുന്ന സാഹചര്യത്തിലേക്ക് കെ എസ് ആർ ടി സി മാറുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഓണം അലവൻസ് നൽകാത്ത സാഹചര്യമുണ്ടായതിനാൽ ഈ വർഷം അലവൻസ് സാധ്യമായ രീതിയിൽ നൽകണമെന്ന് മാനേജ്‌മെന്റിനോട് നിർദേശിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിൽ മാനേജ്‌മെന്റ് ഉചിതമായ തീരുമാനം കൈക്കൊള്ളും. ഓണം സീസണിൽ ബസുകൾ പരമാവധി നിരത്തിലിറക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികളിൽ നിന്നും യൂണിയനുകൾ പിൻ മാറണമെന്നറിയിച്ചതായി തൊഴിൽ – പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ആന്റണി രാജു, കെ എസ് ആർ ടി സി സി എം. ഡി. ബിജു പ്രഭാകർ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.