വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനത്തിന് ശാശ്വതപരിഹാരം

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിർവഹിച്ചു. സാധാരണ ജനങ്ങൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലഭിക്കുന്നതു പോലുള്ള മികച്ച സേവനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ ജില്ലാശുപത്രിയിലെ ഹൈടെൻഷൻ വൈദ്യുതി ലൈൻ പുതിയ ടേണിങ് പോയിന്റാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംവിധാനമൊരുക്കാൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രയത്നിച്ച , ഇലക്ട്രിസിറ്റി വകുപ്പ്, പൊതുമരാമത്ത് ഇലക്ട്രിക് സെക്ഷൻ ജീവനക്കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. 300 കെ.വിയുടെ പുതിയ ജനറേറ്റർ കൂടി ഉടൻ തന്നെ പ്രവർത്തനസജ്ജമാകുന്നതോടെ നേത്ര പരിശോധനാ വിഭാഗം അടക്കം മുഴുവൻ വിഭാഗങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ ആശുപത്രിയിലെ വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനം പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ 60 ലക്ഷം ചെലവഴിച്ചാണ് ഹൈടെൻഷൻ വൈദ്യുതി ലൈൻ സംവിധാനം ഒരുക്കിയത്. എൽ.എസ്.ജി.ഡി വിഭാഗമാണ് ഇതിനാവശ്യമായ കെട്ടിടം പണിത് നൽകിയത്. ഒരേസമയം മൂന്ന് ഫീഡറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒരു ലൈനിൽ തകരാറുണ്ടായാലും ആശുപത്രിയിൽ വൈദ്യുതി മുടങ്ങില്ല. ജില്ലാ ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് പുതിയ നിരവധി മെഷീനുകൾ അനുവദിച്ചെങ്കിലും വോൾട്ടേജ് വ്യതിയാനം മൂലം പ്രവർത്തനം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ പ്രവർത്തനത്തോടെ ഈ പ്രശ്നങ്ങൾക്കെല്ലാമാണ് പരിഹാരമാകുന്നത്.
പരിപാടിയിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.രമാദേവി , എൻ.എച്ച് .എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പ്രമീള, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.മിനി, അസിസ്റ്റന്റ് എഞ്ചിനീയർ കെ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.