മാറണം മേവറം ജനജാഗ്രതാ പരിപാടിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ഥികളുടെ റാലിയും കലാസന്ധ്യയും. ശുചിത്വ ഗീതങ്ങളും തെരുവ് നാടകവും ഉള്‍പ്പെടുത്തിയ കലാവിരുന്ന് മാലിന്യം വലിച്ചെറിയെരുതെന്ന സന്ദേശവുമായാണ് നടന്നത്. ഉളിയക്കോവില്‍ ടി.കെ.ഡി.എം, ഇരവിപുരം ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളിലെ വോളന്റിയര്‍മാര്‍ അണിനിരന്ന കലാസന്ധ്യ മേവറം ജംഗ്ഷനില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ശുചിത്വ ഗീതങ്ങളുടെ അവതരണത്തിന് ജാസിന്റെ താളവുമായി എം.എല്‍.എ യും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തു.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന അധ്യക്ഷയായി. മയ്യനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു. ഉമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ യു.ആര്‍.ഗോപകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ദിലിപ്, പ്രിന്‍സിപ്പല്‍ ബി.എസ്. സതീമണി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പ്പറേഷന്‍, മയ്യനാട്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.