കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മുകുളത്തിന്റെ ഭാഗമായി എസ്.എസ്.എൽ.എസി പരീക്ഷയിൽ എല്ലാ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനായി ശിൽപശാല സംഘടിപ്പിച്ചു. എല്ലാ വിദ്യാർഥികളും എല്ലാ വിഷയത്തിലും സി പ്ലസിന് മുകളിൽ നേടുകയെന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. കുറഞ്ഞത് 15 ശതമാനം കുട്ടികൾക്കെങ്കിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്യാമ്പുകൾ, വിഷയ ഗ്രൂപ്പുകൾ, ജില്ലയിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ, സായാഹ്‌ന, പ്രഭാത ക്ലാസുകൾ, രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസുകൾ, കൗൺസലിംഗ്, ഗൃഹസന്ദർശനം എന്നിവ നടത്തും.
സ്‌കൂളുകൾക്ക് അനാവശ്യ അവധി നൽകരുതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. അക്കാദമിക് രംഗത്ത് വിട്ടുവീഴ്ച നടത്തരുത്. സ്‌കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനുൾപ്പെടെ പി.ടി.എയുടെ സഹായം വേണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി നടത്തണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു. രാവിലെയും വൈകീട്ടുമായി നടന്ന ശിൽപശാലയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾക്ക് കീഴിലെ ഗവ. സ്‌കൂളുകളിലെ പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഘട്ടത്തിൽ എയ്ഡഡ് സ്‌കൂളുകൾ, അൺ എയ്ഡഡ് സ്‌കൂളുകൾ എന്നിവയ്ക്കായി പ്രത്യേക യോഗം വിളിക്കും. പദ്ധതിക്കായി ഡയറ്റ് ജില്ലയിലെ മുഴുവൻ സ്‌കൂളുകളുടെയും ഫലം അപഗ്രഥിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ.പി. ജയബാലൻ, ടി.ടി. റംല, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ നിർമ്മലാദേവി ടി.പി, എസ്.എസ്.എ ജില്ലാ കോ ഓർഡിനേറ്റർ കെ.ആർ. അശോകൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. രവി, ഡയറ്റ് പ്രിൻസിപ്പൽ പി.യു. രമേശൻ എന്നിവർ സംസാരിച്ചു.