പ്രളയത്തില്‍ തകര്‍ന്ന വയനാടന്‍ കാര്‍ഷിക മേഖലയുടെ തിരിച്ചുവരവിന് തുടക്കം കുറിക്കാന്‍ പ്രതീക്ഷയുടെ പുതുനാമ്പാവുകയാണ് നാം അന്‍പോടെ നാമ്പ് പദ്ധതി. തെക്കുംതറയിലെ പ്രത്യാശ കര്‍ഷക കൂട്ടായ്മയും കബനി കമ്യൂണിറ്റി ടൂറിസവും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയിലൂടെ ആറേക്കല്‍ പാടത്താണ് നെല്‍കൃഷിയിറക്കിയിരിക്കുന്നത്. വയനാടിന്റെ പരമ്പരാഗത ഞാറുനടല്‍ ഉത്സവമായ കമ്പളനാട്ടിയോടെയാണ് ഞാറുനടലിന് തുടക്കം കുറിച്ചത്. നെല്‍കൃഷിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന പണിയ ആദിവാസി വിഭാഗമാണ് കമ്പളനാട്ടിക്ക് നേതൃത്വം നല്‍കിയത്. കുറെയധികം കര്‍ഷകത്തൊഴിലാളികള്‍ ഒരുമിച്ച് പാടത്തിറങ്ങി ഒരുമിച്ചു ഞാറുനട്ടു തീര്‍ക്കുമെന്നതാണ് കമ്പളനാട്ടിയുടെ പ്രത്യേകത. പണിയരുടെ പരമ്പരാഗത വാദ്യങ്ങളായ തുടിയുടെയും ചീനിയുടെയും അകമ്പടിയോടെയാണ് ഞാറു നടല്‍. പഴയകാല കൃഷി ഇറക്കുന്നതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട് ആട്ടവും പാട്ടുമായി കര്‍ഷകര്‍ അണിനിരക്കും. വരമ്പത്ത് കൊട്ടും തുടിയും പാട്ടും മുറുകുമ്പോള്‍ ഞാറുനടാനായി ആദിവാസി കര്‍ഷകര്‍ പാടത്തേക്കിറങ്ങും. ഇവിടെയും പതിവുതെറ്റിച്ചില്ല. നൂറോളം ആദിവാസി കര്‍ഷകര്‍ ഈണത്തിലും താളത്തിലും തുടികൊട്ടി ചുവടുവെച്ച് പാടത്തേക്കിറങ്ങി.
നൂറോളം സഞ്ചാരികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചാണ് ആറേക്കര്‍ പാടത്ത് കൃഷിയിറക്കിയത്. പൂര്‍ണമായും ജൈവകൃഷി രീതിയിലാണ് ഉല്‍പാദനം. വിളവെടുപ്പു കഴിയുമ്പോള്‍ പണം നിക്ഷേപിച്ചവര്‍ക്ക് പകരമായി ജൈവ അരി ലഭിക്കും. കൃഷിയോടൊപ്പം ഫാം ടൂറിസത്തിനു കൂടി പ്രാധാന്യ നല്‍കുന്നതാണ് നാമ്പ് പദ്ധതി. പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തെക്കുംതറയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് നാം അന്‍പോടെ. വൈകിയാണെങ്കിലും ആറേക്കര്‍ പാടത്ത് കൃഷിയിറക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രത്യാശ കര്‍ഷക കൂട്ടായമ. അതുവഴി പ്രളയം തകര്‍ത്ത കാര്‍ഷിക മേഖല തിരുച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസവും. വയനാടിന്റെ കാര്‍ഷിക പ്രതാപം തിരിച്ചെത്തിയാല്‍ വിനോദ സഞ്ചാര മേഖലക്കും അതൊരു മുതല്‍ക്കൂട്ടാണ്. വിനോദസഞ്ചാരത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും കൂടി ലഭ്യമാക്കുകയാണ് നാമ്പ് പദ്ധതിയുടെ ലക്ഷ്യവും.
നെല്‍കൃഷിക്കു പിന്നാലെ മറ്റു കൃഷികളിലും പുറത്തു നിന്നുള്ള പങ്കാളിത്തം ലഭ്യമാക്കുകയും പ്രദേശത്തെ കര്‍ഷക വീടുകള്‍ കേന്ദ്രീകരിച്ച് ഹോം സ്റ്റേകള്‍ ഒരുക്കുകയുമാണ് നാമ്പിന്റെ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍.
ചേറില്‍ കുളിച്ചുനില്‍ക്കുന്ന പാടങ്ങളും ഒട്ടേറെ വയലുകളും കന്നുകാലികളും കാര്‍ഷിക ഉപകരണങ്ങളും കര്‍ഷക തൊഴിലാളികളും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി വീടുകളും കാര്‍ഷിക വയനാടിന്റെ അടയാളങ്ങളായിരുന്നു ഒരുകാലത്ത്. ആ നഷ്ടപ്രതാവത്തെ തിരിച്ചെടുക്കാന്‍ പ്രളയമൊരവസരമായി കാണുകയാണിന്ന് വയനാടന്‍ കാര്‍ഷിക മേഖല.