വ്യത്യസ്ത മേഖലകളിലെ പത്ത് വിഭാഗങ്ങളുമായി കൂടിക്കാഴ്ച
നവകേരളം സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് 18ന് കോഴിക്കോട് തുടക്കമാവും. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായാണ് ആദ്യത്തെ കൂടിക്കാഴ്ച. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മുഖാമുഖം. 20ന് തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ യുവജനങ്ങളുമായി രണ്ടാമത്തെ മുഖാമുഖം പരിപാടി നടക്കും.
വനിതകളുമായുള്ള കൂടിക്കാഴ്ച എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ 22നാണ് നടക്കുന്നത്. 24ന് ദളിത്, ആദിവാസി വിഭാഗങ്ങളുമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 25ന് സാംസ്കാരിക രംഗത്തുള്ളവരുമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിലും 26ന് ഭിന്നശേഷി വിഭാഗങ്ങളുമായി തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെന്ററിലും മുഖാമുഖം നടക്കും.
പെൻഷൻകാർ, വയോജനങ്ങൾ എന്നിവരുമായി 27ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കൂടിക്കാഴ്ച നടക്കും. തൊഴിൽ മേഖലയിലുള്ളവരുമായി 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലും കാർഷിക മേഖലയിലുള്ളവരുമായി മാർച്ച് രണ്ടിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിലും റസിഡന്റ്സ് അസോസിയേഷനുകളുമായി മാർച്ച് 3ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും മുഖാമുഖം പരിപാടി നടക്കും.