നെൽകൃഷിക്കാരുടെ കുടിശിക നൽകാൻ നടപടി ആരംഭിച്ചു: മന്ത്രി വി.എൻ. വാസവൻ
-ജില്ലാതല കർഷകദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: നെൽകൃഷിക്കാരുടെ കുടിശികകളെല്ലാം നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചതായി സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ചേർന്ന് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൃഷിയെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് നിലവിലുള്ളത്. ഹരിതകേരളം പദ്ധതിയിലൂടെ ഹെക്ടറുകണക്കിന് തരിശുനിലങ്ങളിൽ പുതുതായി കൃഷിയിറക്കി. ഒരു മുറം പച്ചക്കറി അടക്കം വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കി പച്ചക്കറി കൃഷിയിൽ വലിയ കുതിപ്പ് സംസ്ഥാനത്ത് നടത്താനായി. അഞ്ചു ലക്ഷം ടണ്ണിൽനിന്ന് 18 ലക്ഷം ടണ്ണിലധികമായി പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനായി. സഹകരണമേഖലയും കാർഷിക മേഖലയുമായി ചേർന്ന് കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നു.
12 ലക്ഷം ടണ്ണോളം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. വിദേശവിപണിയിലെ സാധ്യതകളടക്കം ഉപയോഗിച്ച് കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് സഹകരണമേഖല നടപ്പാക്കുന്നത്. കാർഷിക മേഖലയ്ക്കും കർഷകർക്കും ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന കർഷകൻ നായങ്കേരിച്ചിറ പാർത്ഥൻ, മികച്ച കർഷകരായ എൻ.ജി. പവിത്രൻ, ആർ. രഞ്ജിത്ത്, ചന്ദ്രിക വിജയൻ, കുഞ്ഞമ്മ തങ്കപ്പൻ, സോമൻ തോണ്ടുകുഴി, എം.ആർ. രതീഷ്, രമ്യദേവൻ, റ്റി.പി. ഗസീത എന്നിവരെയും വൃന്ദാവനം കൃഷിക്കൂട്ടം ഭാരവാഹികളെയും മന്ത്രി പൊന്നാടയണിയിച്ചും ഫലകം നൽകിയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ആർ. അജയ്, സി.റ്റി. രാജേഷ്, പി.എസ്. ഷീനാമോൾ, ഗ്രാമപഞ്ചായത്തംഗം കെ.സി. മുരളീകൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ റ്റി. ജ്യോതി, കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ് പദ്ധതി വിശദീകരണം നടത്തി. ആത്മ പ്രോജക്റ്റ് ഡയറക്ടർ അബ്രഹാം സെബാസ്റ്റിയൻ ആത്മപദ്ധതി വിശദീകരണം നടത്തി. തുടർന്നു നടന്ന സെമിനാറിൽ ക്രിസ് ജോസഫ്, ഡോ. സ്മിത രവി എന്നിവർ ക്ലാസെടുത്തു.