സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ധനകാര്യ വിദഗ്ധരും പങ്കെടുക്കും.
പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളം ധനമന്ത്രിമാരുടെ കോൺക്ലേവ് നടത്താൻ നിശ്ചയിച്ചതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളിൽ പ്രധാനപ്പെട്ട ഒന്നായാണ് ധനകാര്യ കമ്മീഷനെ കേരളം പരിഗണിക്കുന്നത്. ധനകാര്യ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് ഈ ഘട്ടത്തിൽ അനിവാര്യമായിരിക്കുകയാണ്. സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
12 ന് ഉച്ചയ്ക്കുശേഷം നടക്കുന്ന ചർച്ചയിൽ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്, കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറി കെ എം ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധരായ ഡോ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, ഡോ. എം ഗോവിന്ദ റാവു, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, സിഡിഎസ് ഡയറക്ടർ ഡോ. സി വി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ കെ കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.
രാജ്യത്ത് സാമ്പത്തിക ഫെഡറിലസം വലിയ തോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ചാ സമ്മേളനത്തിന് കേരളം നേതൃത്വം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. എന്നാൽ, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുമ്പോൾ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതത്തിൽ സെസ്, സർചാർജ് എന്നിവ കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് ഇടയാക്കുന്നതായി മന്ത്രി പറഞ്ഞു. പതിനഞ്ചാം ധന കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശുപാർശ ചെയ്തു. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണ്.
പത്താം ധനകാര്യ കമ്മീഷൻ കേരളത്തിന് ശുപാർശ ചെയ്ത വിഹിതം 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ചത് 1.92 ശതമാനവും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളിൽ വലിയ ധന നഷ്ടമാണുണ്ടായത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും വിവേചന നിലപാടുകൾ നിലനിൽക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.