നാടിന്റെ  അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുന്ന അനുയോജ്യമായ സാങ്കേതിക അന്വേഷണങ്ങളാണ് വിദ്യാർഥികളിൽ നിന്നുണ്ടാവേണ്ടതെന്ന് മന്ത്രി ഡോ ആർ ബിന്ദു. പുത്തൻ വൈജ്ഞാനിക മേഖലകൾക്ക് വിദ്യാർത്ഥികൾ പരിഗണന നൽകണം. നവ വൈജ്ഞാനിക സമൂഹവും സമ്പദ്ഘടനയും വാർത്തെടുക്കുന്നതിന് ആഴത്തിലുള്ള സാങ്കേതിക അറിവന്വേഷണങ്ങൾ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ ലേഡീസ് ഹോസ്റ്റലിന്റെ രണ്ടാം ഘട്ട  ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റങ്ങളിലേക്ക് കടക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ അക്കാദമിക മികവും അന്വേഷണാത്മകതയും ഗവേഷണ തൽപ്പരതയും ഇനിയും ഉയർത്തിപ്പിടിക്കാനാകണം. ആഴത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് എൻജിനീയറിംഗ് മേഖല ആവശ്യപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വളർച്ചയുടെ നേർസാക്ഷ്യമാണ് എൽബിഎസ് വനിതാ എൻജിനീയറിംഗ് കേളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ചരിത്രത്തിൽ ഇടംപിടിച്ച വിസാറ്റ് ഉപഗ്രഹം. കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും  വിവരശേഖരണമായിരുന്നു ലക്ഷ്യം. കോളേജിലെ ആറ് അധ്യാപകർക്ക് പേറ്റന്റുകൾ നേടാനായത് കേരളത്തിന്റെ സാങ്കേതികവിദ്യാഭ്യാസ ചരിത്രത്തിൽ തിളങ്ങുന്ന അദ്ധ്യായമാണെന്നും മന്ത്രി പറഞ്ഞു.

കോളേജ് ഹോസ്റ്റലിന്റെ രണ്ടാം ഘട്ട പ്രവർത്തനമായ മൂന്നാം നിലയുടെ പണിയാണ് പൂർത്തീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്. നാലു നിലകളും പൂർത്തീകരിക്കുന്നതിനായി 6.59 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വിസാറ്റ്   ഉൾപ്പെടെയുള്ള കോളേജിന്റെ നാഴികക്കല്ലുകൾ സ്ഥാപനത്തിന് മാത്രമല്ല കേരളത്തിനാകെയുള്ള നേട്ടമാണെന്ന്  ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിൽ നവീകരണം, ഉൾക്കൊള്ളൽ, പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സമർപ്പണത്തിന് ഇവ അടിവരയിടുന്നു.  ലിംഗസമത്വത്തിനും വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതൽ സൗകര്യത്തോടും സുരക്ഷിതത്വത്തോടും കൂടി വിദ്യാർത്ഥിനികൾക്ക്  അക്കാദമിക് ഉദ്യമങ്ങൾ തുടരാൻ പുതിയ ഹോസ്റ്റർ സൗകര്യം സഹായകമാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സാങ്കേതിക മത്സരയിനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥിനികൾക്കും പേറ്റന്റ് സ്വന്തമാക്കിയ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപിക ഡോ ലക്ഷ്മി പി.എൽ. നും എൽ.ബി.എസ് വൈസ് ചെയർപേഴ്‌സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എൽ.ബി.എസ് ഡയറക്ടർ ഡോ എം അബ്ദുൾ റഹ്‌മാൻ, ജോയിന്റ് ഡയറക്ടർ ഡോ ജയമോഹൻ ജെ., കോളേജ് പ്രിൻസിപ്പൽ ഡോ സ്മിതമോൾ എം.ബി., വിവിധ വകുപ്പുമേധാവികൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.