റിപ്പബ്ലിക് ദിനത്തിൽ കൂടുതൽ ഹരിതപ്രഖ്യാപനങ്ങൾ, മന്ത്രിമാരും ജനപ്രതിനിധികളും നിർവഹിക്കും
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ഹരിത പ്രഖ്യാപനങ്ങൾ ജനുവരി 26 മുതൽ നടക്കും. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ ജില്ലകളിൽ പ്രഖ്യാപനങ്ങൾ നിർവഹിക്കും. ഹരിത വിദ്യാലയങ്ങൾ, ഹരിത മാർക്കറ്റുകൾ, പൊതു ഇടങ്ങൾ, ഹരിത കലാലയം തുടങ്ങി ജനുവരി 31 വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുതൽ ക്യാമ്പയിൻ പ്രവർത്തനങ്ങളും ഒപ്പം ഹരിത പദവി പ്രഖ്യാപനങ്ങളും നടക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രദ്ധേയമായ ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെയാണ് ഈ സ്ഥാപനങ്ങൾ ഹരിത പദവിയിലേയ്ക്കെത്തിയത്.
പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ നഗരസഭ മാലിന്യമുക്ത നഗരസഭയായുള്ള പ്രഖ്യാപനവും മാലിന്യ സംസ്കരണ പഠനകേന്ദ്രവും എം.സി.എഫ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനവും ജനുവരി 26 നു തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. പാലക്കാട് ആലത്തൂർ ഗ്രാമപഞ്ചായത്തിൽ ഹരിത വിദ്യാലയം ഹരിത അയൽക്കൂട്ടം പ്രഖ്യാപനവും സർട്ടിഫിക്കറ്റും വിതരണവും ജനുവരി 26 നു വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ജനുവരി 27 ന് മലപ്പുറം ജില്ലയിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ ഹരിത പ്രഖ്യാപനങ്ങൾ നിർവഹിക്കും. കണ്ണൂർ ജില്ലയിൽ ധർമ്മടം മണ്ഡലത്തിലെ ഹരിത ടൂറിസം പ്രഖ്യാപനം – ചെറുമാവിലായി പാറപ്രം റെഗുലേറ്റർ കം ബ്രിഡ്ജിൽ രാജ്യസഭാ എം.പി ഡോ. വി ശിവദാസൻ നിർവ്വഹിക്കും. റിപ്പബ്ലിക് ദിനത്തിൽ കണ്ണൂർ മാലൂർ ടൗൺ ഹരിത ടൗൺ ആയി ശൈലജ ടീച്ചർ എംഎൽഎ പ്രഖ്യാപിക്കും. തിരുവനന്തപുരം ഒറ്റൂർ പഞ്ചായത്തിൽ സമ്പൂർണ ഹരിത അയൽക്കൂട്ടം പ്രഖ്യാപനം ജനുവരി 26 ന് അഡ്വ.ഒ.എസ്.അംബിക നിർവഹിക്കും.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഇടുക്കി ജില്ലാതല പ്രഖ്യാപനവും കോട്ടപ്പാറ ടൂറിസം കേന്ദ്രത്തിലെ വാച്ച് ടവർ നിർമ്മാണ ഉദ്ഘാടനവും എ.രാജ എം.എൽ.എ നിർവഹിക്കും. കാസർഗോഡ് കാഞ്ഞങ്ങാട് ബ്ലോക്കിലെ പള്ളിക്കര ഗ്രാമപഞ്ചായത്തുതലം ഹരിതഅയൽക്കൂട്ടം പ്രഖ്യാപനം സി.എച്ച് കുഞ്ഞമ്പു എംഎൽഎ ജനുവരി 27 ന് നിർവഹിക്കും. തൃശ്ശൂർ കൊടുങ്ങല്ലൂർ നഗരസഭ പച്ചത്തുരുത്ത് ഉദ്ഘാടനം കൊടുങ്ങല്ലൂർ കെഎസ്ആർടിസി ഡിപ്പോയിൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിക്കും. കോഴിക്കോട് ജില്ല കുറ്റ്യാടി പഞ്ചായത്തുതല പ്രഖ്യാപനം കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിക്കും. ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് യൂത്ത് മീറ്റ്ൽ വെച്ച് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഹരിത പ്രഖ്യാപനം നിർവഹിക്കും.
കൊല്ലം ജില്ലയിൽ പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഹരിതപ്രഖ്യാപനങ്ങൾ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ നിർവഹിക്കും. ജനുവരി 26 ന് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2,87,654 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും, 49,988 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 1,884 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിക്കും. 14,001 വിദ്യാലയങ്ങളാണ് പുതുതായി ഹരിത വിദ്യാലയ പദവിയിലെത്തുന്നത്. 2,445 പൊതുസ്ഥലങ്ങളെയും 1340 കലാലയങ്ങളെയും ജനുവരി 26 ന് ഹരിതമായി പ്രഖ്യാപിക്കും. 169 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില തുടങ്ങിയർ സംയുക്തമായാണ് ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കുന്നത്.