കൊച്ചി: ഗണിത പഠനം രസകരമാക്കാന്‍ പുതുവഴികള്‍ തേടുകയാണ് കുമ്മനോട് ഗവ. യു.പി സ്‌കൂള്‍. കണക്കിനെ കുട്ടികള്‍ ഭയക്കുന്ന രീതി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സര്‍വ ശിക്ഷ അഭിയാന്റെ സഹകരണത്തോടെ അധ്യാപകരും രക്ഷിതാക്കളും സംയുക്തമായാണ് പരിപാടികള്‍ നടത്തുന്നത്.
കളിയും കാര്യവുമായി കുട്ടികളെ കണക്കിലേക്കടുപ്പിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ തെരഞ്ഞെടുത്ത വഴി ശ്രദ്ധേയമായി. ഗണിതം ലളിതമാക്കുന്നതിനായി സ്‌കൂളിനുളളില്‍ തുടങ്ങിയ ഗണിതക്കടയായിരുന്നു ഇത്. വിദ്യാര്‍ഥികളും അധ്യാപകരും അവരവരുടെ വീടുകളില്‍ നിന്നെത്തിച്ച പച്ചക്കറികളും പഴങ്ങളും കൂട്ടിയാണ് ഗണിതക്കട ഒരുക്കിയത്. മത്തങ്ങ, കുമ്പളങ്ങ, ചേന, പയര്‍, വെണ്ടക്ക, തക്കാളി, ചെറുനാരങ്ങ, ക്യാരറ്റ്, ബീറ്റ്രൂട്ട്. ഉളളി, സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക് അടക്കമുളള പച്ചക്കറികളും ആപ്പിള്‍ അടക്കമുളള ഫല വര്‍ഗങ്ങളും നിരന്നപ്പോള്‍ ഗണിതക്കട വലിയൊരു പച്ചക്കറി കടയായി മാറി.
അളവിലും തൂക്കത്തിലും ഒപ്പം വിലയിലും അവബോധമുണ്ടാക്കുയെന്ന ലക്ഷ്യത്തോടെയായിരുന്നു കടയുടെ പ്രവര്‍ത്തനം. ഇതോടെ കടയിലെ വില്‍പ്പനക്കാരും വാങ്ങുന്നവരും കുട്ടികള്‍ തന്നെയായി. ആവശ്യക്കാരായ കുട്ടികള്‍ സാധനങ്ങളുടെ വിലചോദിക്കും. നടത്തിപ്പുകാരായ കുട്ടികള്‍ ആവശ്യമുളള അളവ് തൂക്കി നല്‍കും. ക്ലാസ്മുറികളുടെ പിരിമുറക്കം വിട്ട് ഗണിതക്കടയുടെ പുതുമ ആസ്വദിച്ച കുരുന്നുകളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഒത്ത് ചേര്‍ന്നു. തൂക്കങ്ങളെയും വിലയേയും കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. വാങ്ങാനെത്തിയവര്‍ വില ചോദിച്ചും വില്‍പ്പനക്കാരന്‍ തൂക്കം നോക്കിയും കടയില്‍ വില്‍പ്പന പൊടി പൊടിച്ചപ്പോള്‍ തൂക്കങ്ങളുടെയും വില്‍പ്പന വിലയുടെയുമെല്ലാം ഗണിത പാഠങ്ങള്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമായി. കുരുന്നുകളുടെ പഠന പുരോഗതി വിലയിരുത്തിയ ശേഷം അടുത്തഘട്ടത്തില്‍ പഠനം ലളിതമാക്കാനുളള പുത്തന്‍വഴികള്‍ തേടുമെന്ന് അധ്യാപകര്‍ പറഞ്ഞു.
ഗണിതക്കടയുടെ ഉദ്ഘാനം എസ്.എസ്.എ. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി. രമാഭായി നിര്‍വവഹിച്ചു. പുതുമയാര്‍ന്ന വഴികളിലുടെ പിരിമുറുക്കമില്ലാതെ കുരുന്നുകളെ കണക്കിന്റെ ലോകത്തേക്ക് കൈ പിടിക്കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കണക്കിന് പുറമേ മലയാള ഭാഷയില്‍ കുട്ടികള്‍ക്ക് പരിജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മലയാള തിളക്കം പരിപാടികളും എല്ലാ സ്‌കൂളുകളിലും വിജയകരമായി നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രധാന അധ്യാപിക ലില്ലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗണിതാധ്യാപകരായ പ്രിയാകുമാരി, വി.നസീമ, സൂസന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിന്ധു രാജന്‍, ടി. നജീല, ജി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.