കൊച്ചി: പ്രളയം കഴുത്തറ്റം മുക്കിയപ്പോള്‍ കൈ തന്നു രക്ഷിച്ചതാര്, ഭക്ഷണം തന്നു സഹായിച്ചതാര് , സാന്ത്വനമേകിയവര്‍ ആരൊക്കെ… ഇതെല്ലാം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഉണര്‍വിന്റെ ഫോട്ടോ പ്രദര്‍ശനത്തില്‍. കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ നൂറ്റാണ്ടിലെ പ്രളയത്തിന്റെ മരിക്കാത്ത ഓര്‍മകളായി അതു മാറി. പുത്തന്‍വേലിക്കരയിലാണ് പ്രളയ അതിജീവന കൂട്ടായ്മയായ ‘ഉണര്‍വിന്റെ ‘ നേതൃത്വത്തില്‍ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയത്. നാട്ടിലെ ഫോട്ടോഗ്രാഫര്‍മാരായ സേവ്യര്‍, ജയന്‍ എന്നിവര്‍ കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
വെള്ളം ഉയര്‍ന്നു വന്ന ആദ്യ കാഴ്ച മുതല്‍ പ്രളയാനന്തര ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. പ്രളയം ഏറ്റവും നാശം വിതച്ച പഞ്ചായത്തുകളിലൊന്നാണ് പുത്തന്‍വേലിക്കര. ഓരോ സംഭവവും ഓരോ കാഴ്ചയായ് ജനങ്ങളിലേക്കിറങ്ങുകയാണിവിടെ. ആറു പേരുടെ മരണത്തിനിടയാക്കി തകര്‍ന്നു വീണ കുത്തിയതോട് പള്ളിമേടയുടെ ചിത്രം മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ വെള്ളം കയറി നശിച്ച മരുന്നുകള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും വ്യത്യസ്തമാണ്. വിവിധ സേനകളുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളുമുണ്ട്.
നടക്കാന്‍ വയ്യാത്ത മുത്തശ്ശിയെ  തോളിലേറ്റി വരുന്ന അഗ്‌നി രക്ഷാ സേനാംഗവും മഴ നനയാതെ പിഞ്ചു കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു രക്ഷിക്കുന്ന സേനാംഗത്തിന്റെ ചിത്രവും മനസിലെ മായാത്ത കാഴ്ചകളായ് മറുന്നു. മനുഷ്യരെ മാത്രമല്ല പന്നിക്കുട്ടിയെയും ആട്ടിന്‍ കുട്ടികളെയും നായയെയും കരയ്‌ക്കെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകരെയും നമുക്കു കാണാം. തകര്‍ന്ന വീടിനു മുമ്പിലിരുന്ന് കരയുന്ന വീട്ടമ്മയും വെള്ളത്തില്‍ വീണ് നശിച്ച ടെലിവിഷന്‍ കെട്ടിപ്പിടിച്ച് കരയുന്ന വീട്ടമ്മയും ചിത്രങ്ങളിലെ കാഴ്ചകളാണ്.
ക്യാമ്പുകളിലെ കൂട്ടായ്മയും സ്‌നേഹവും സഹകരണവും പടങ്ങളായ് മാറി.
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മുഖ്യമന്ത്രി പിണറായി വിജയന്‍, സിനിമാ താരം മമ്മൂട്ടി എന്നിവര്‍ ക്യാമ്പിലെത്തിയ പടങ്ങളും കാണാം. ബസാറില്‍ ഇന്നലെ രാവിലെ തുടങ്ങിയ പ്രദര്‍ശനം നിരവധി പേരാണ് കാണാനെത്തുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശവാസികള്‍ ചേര്‍ന്നാണ് ‘ ഉണര്‍വ്’ കൂട്ടായ്മ രൂപീകരിച്ചത്.  പ്രദേശത്തെ പ്രളയബാധിതര്‍ക്ക വേണ്ട സഹായങ്ങള്‍ ഉണര്‍വിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു. സര്‍ക്കാര്‍ ധനസഹായത്തിനു വേണ്ടുന്ന സഹായങ്ങള്‍ വരെ ഇതില്‍ പെടും. വീട് നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ഉള്‍പ്പടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി തയാറാക്കിയിട്ടുണ്ട്. അര്‍ഹരായ എല്ലാ വര്‍ക്കും സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മ നടത്തുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ടി.എസ് സുധീഷ് പറഞ്ഞു. ഒന്നും മറക്കരുത് , മറക്കാതിരിക്കാനാണ് ഫോട്ടോ പ്രദര്‍ശനമെന്ന് ഉണര്‍വ് ജനറല്‍ കണ്‍വീനര്‍ എം.പി.ഷാജന്‍ പറയുന്നു. ഇതോടൊപ്പം നാട്ടിലെ കലാകാരന്മാര്‍ പങ്കെടുത്ത സമൂഹ ചിത്രരചനയും ബസാറില്‍ നടന്നു. ആര്‍ട്ടിസ്റ്റ് പി.കെ.ജോഷി തയാറാക്കിയ പ്രളയം 2018 ലോഗോ, ശില്പം എന്നിവയുടെ പ്രകാശനവും , ജോയ് മൂഞ്ഞേലി എഴുതി സംഗീതം നിര്‍വഹിച്ച ‘പ്രളയഗാഥ’ കവിതാ പ്രകാശനവും നടന്നു.