സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുമായി മുന്നേറുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പുതിയ ചരിത്രം കുറിക്കുകയാണ് എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം. പുതിയതായി നിർമാണം പൂർത്തിയാക്കിയ എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒ.പി, ഐ.പി, ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് എന്നീ കെട്ടിടങ്ങൾ ഉദ്ഘാടത്തിന് ഒരുങ്ങി. മുണ്ടത്തിക്കോട്, വരവൂർ, ദേശമംഗലം, തെക്കുംകര, എരുമപ്പെട്ടി, മുള്ളൂർക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള സാധാരണക്കാരായ ജനങ്ങൾക്ക് കാര്യക്ഷമമായ ചികിത്സയും ആരോഗ്യപരിപാലനരംഗത്തെ അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുകയാണ്.
എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി ബ്ലോക്കും, ഒന്നാം നിലയിൽ ഓഫീസ് അനുബന്ധ സൗകര്യങ്ങളും, രണ്ടാം നിലയിൽ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് വിശ്രമ കേന്ദ്രങ്ങൾ, പരിശോധനാമുറി, ടോയ്‌ലറ്റുകൾ, കിടത്തി ചികിത്സക്കായുള്ള സൗകര്യം, ലാബ്, മെഡിസിൻ കൗണ്ടർ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിഫിക്കേഷൻ ഫയർ ഫൈറ്റിങ് പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. 231 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കോട്ടേഴ്സ് ബിൽഡിങ്ങും 933.40 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഐ.പി ബ്ലോക്ക് ബിൽഡിങ്ങും 830 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒ.പി ബ്ലോക്ക് ബിൽഡിങ്ങും എരുമപ്പെട്ടിയിൽ യാഥാർത്ഥ്യമാക്കി.
