സമഗ്രമായ പ്രവര്‍ത്തന മികവിന് സി.ഡി.എസുകള്‍ക്ക് ലഭിച്ച ഐ.എസ്.ഓ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന മികവില്‍ ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സമ്പൂര്‍ണ ഐ.എസ്.ഒ പ്രഖ്യാപനവും സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ സി.ഡി.എസുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
നിലവില്‍ 617 സി.ഡി.എസുകള്‍ക്കാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം 1070 സി.ഡി.എസുകള്‍ക്കും അംഗീകാരം കൈവരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ ജീവിതത്തെ മാറ്റുക എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് അര്‍ഥം. കുടുംബശ്രീ വനിതകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- സാംസ്‌കാരിക ശാക്തീകരണത്തിന് കുടുംബശ്രീ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചെന്ന് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ ഏറ്റവും മികച്ച പഠനമാതൃകയാണ് കുടുംബശ്രീ. സംരംഭകത്വം വളര്‍ത്തല്‍, അതിന് പ്രോത്സാഹനം നല്‍കല്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീകള്‍ക്ക് ഇനി വേതനാധിഷ്ഠിത തൊഴിലും നല്‍കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനു വേണ്ടിയാണിത്. നിലവിലെ 20 ശതമാനം 50 ശതമാനമാക്കി ഉയര്‍ത്തും. ഇത് കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകമാകും.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇതു വരെ 1,21,000 ത്തില്‍ അധികം തൊഴിലുകള്‍ കണ്ടെത്തി. ഇതില്‍ 43000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലടക്കം നൂതനമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. 184 ടെക്‌നോളജികള്‍ ഉപയോഗിച്ച് കാര്‍ഷികമേഖലയ്ക്ക് കുതിപ്പ് നല്‍കാന്‍ കെ-ടാപ് പദ്ധതി ആരംഭിച്ചു. ഓണക്കാലത്ത് പൂവും പച്ചക്കറിയും വിപണനം ചെയ്ത് 44 കോടിയിലേറെ രൂപയാണ് വിറ്റുവരവ് നേടിയത്. കേരള ചിക്കന്‍ പദ്ധതി വഴി 400 കോടിയിലേറെ വിറ്റുവരവും നേടിയിട്ടുണ്ട്. ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതിലൂടെ കേരളീയ സ്ത്രീജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 617 സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ അംഗീകാരം ലഭ്യമാക്കുന്നതില്‍ വലിയ തോതില്‍ പിന്തുണ നല്‍കിയ കില, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ അഭിനന്ദിച്ച മന്ത്രി, അരുന്ധതി റോയി രചിച്ച ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മി’ തനിക്ക് സമ്മാനിച്ചതിന് ജില്ലാ മിഷന്‍ അധികൃതര്‍ക്ക് പ്രത്യേകം നന്ദിയും പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ അംഗീകാരം നേടിയ വെങ്ങപ്പള്ളി (വയനാട്), പരവൂര്‍ (കൊല്ലം), ഭരണങ്ങാനം (കോട്ടയം), ഇരവിപേരൂര്‍ (പത്തനംതിട്ട), നൂറനാട്, കൃഷ്ണപുരം (ആലപ്പുഴ), നെടുമങ്ങാട്-1, നെടുമങ്ങാട്-2 (തിരുവനന്തപുരം) സി.ഡി.എസുകള്‍ക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു.
സ്ത്രീകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ ദൃശ്യപരത ലഭിക്കുന്നതിന് കുടുംബശ്രീ നിര്‍ണായക പങ്കുവഹിച്ചെന്നും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുള്ള ശക്തിയായി പ്രസ്ഥാനം മാറിയെന്നും അധ്യക്ഷനായ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
ജില്ലയില്‍ ഐ.എസ്.ഓ അംഗീകാരം നേടിയ മുഴുവന്‍ സി.ഡി.എസുകള്‍ക്കും, ബാക്കി ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ഐ.എസ്.ഓ അംഗീകാരം ലഭിച്ച സി.ഡി.എസുകളും ഉള്‍പ്പെടെ ആകെ 212 സി.ഡിഎസുകള്‍ക്ക് മെമന്റോ സമ്മാനിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദീന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജയദേവി മോഹന്‍, ജില്ല ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍, കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ. കെ. സവാദ്, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജോയിന്റ് ഡയറക്ടര്‍ എസ്. സുബോദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ കെ. യു ശ്യാംകുമാര്‍, മേഘ മേരി കോശി, പ്രോഗ്രാം മാനേജരായ സി സി നിഷാദ്, പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആദില എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയ മുഴുവന്‍ സി ഡി എസ്സുകളിലെയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനതല പ്രഖ്യാപന പരിപാടിക്കൊപ്പം ബാക്കി ഒമ്പത് ജില്ലകളിലും ഐഎസ്ഓ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.
സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഈ സാമ്പത്തിക വര്‍ഷം ബാക്കിയുള്ള 453 സി.ഡി.എസുകള്‍ക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത് വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 9001:2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കഴിയും. കിലയുടെ സഹകരണത്തോടെയാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്റെ കാലാവധി.
