കൂടുതൽ വികസിതമായ അഴീക്കോട് എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങൾ അവതരിപ്പിച്ച നിർദ്ദേശങ്ങളും ആശയങ്ങളുമായി അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ വികസനസദസ്സ് ഓപ്പൺ ഫോറം സജീവമായി. കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് പരിശോധന സംവിധാനം, സാംസ്കാരിക നിലയം, കളിക്കളം, വയോജന സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വികസന സദസ്സിൽ ചർച്ചയായി.
ഡോ. സുകുമാർ അഴീക്കോടിന്റെ പേരിൽ ജില്ലയിൽ ഒരു സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന് സാംസ്കാരിക പ്രവർത്തകൻ ബാലകൃഷ്ണൻ കൊയ്യാൽ നിർദേശിച്ചു. അഴിക്കോട് പഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് വിപുലമായ രീതിയിൽ കലാപരിപാടികൾ ഉൾപ്പെടെ നടത്താൻ അനുയോജ്യമായ രീതിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക് സംസ്കരണത്തിന് പല മാർഗങ്ങൾ ഉണ്ടെങ്കിലും ജലാശയങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം എത്രത്തോളം അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കാൻ പഞ്ചായത്തിനകത്ത് തന്നെ പരീക്ഷണ ശാലകൾ നിർമ്മിക്കണമെന്നായിരുന്നു ശാസ്ത്രജ്ഞനായ ഡോ. സതീഷിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള രോഗങ്ങൾ പടരുന്ന കാലത്ത് കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിന് പഞ്ചായത്തിനകത്ത് ജലപരിശോധനാ കേന്ദ്രം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈത്തറി മേഖലയിലെയും നിർമ്മാണ തൊഴിലാളി മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ലഭ്യമാക്കണമെന്ന് പൊതു പ്രവർത്തക സപ്ന നിർദ്ദേശിച്ചു. കുട്ടികൾക്കും യുവാക്കൾക്കുമായി കളിസ്ഥലം ഉണ്ടാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണം. ലഹരിവിമുക്ത പരിപാടികളും പ്ലാസ്റ്റിക് നിരോധിത പ്രവർത്തനങ്ങളും നിരന്തരമായി പഞ്ചായത്തിൽ നടത്തണം. ഭൂമിയില്ലാത്ത എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണം. പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ആധുനിക സജ്ജീകരണത്തോടെയുള്ള ബോട്ട് സർവീസ് നിലവിൽ വന്നിട്ടുണ്ട്. അതുപോലെ പ്രധാനപ്പെട്ടതാണ് ജങ്കാർ സർവീസ്. വേഗത്തിൽ കരയിലേക്ക് വാഹനങ്ങൾ എത്തിക്കാനുള്ള സൗകര്യം കൂടി കൊണ്ടുവരണം. അഴീക്കൽ പഞ്ചായത്തിലെ ചരിത്രശേഷിപ്പുകളായ അഴീക്കൽ ലൈറ്റ് ഹൗസ്, വെള്ളക്കല്ല് തുടങ്ങിയവ സംരക്ഷിച്ച് വിനോദ കേന്ദ്രമായി മാറ്റാനുള്ള ഇടപെടൽ നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു
ഭാവി വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും
അഴീക്കോട് പഞ്ചായത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും ചർച്ചചെയ്യാൻ അഞ്ഞൂറിലധികം പേരാണ് വികസന സദസ്സിലെത്തിയത്. ഒപ്പൺ ഫോറത്തിലുയർന്ന നിർദേശങ്ങൾക്കു പുറമെ പൊതുചർച്ചയിലും ധാരാളം ആശയങ്ങൾ പങ്കുവെച്ചു.
നിർദേശങ്ങൾ: പഞ്ചായത്തിൽ സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങൾ കൊണ്ടുവരണം. വൻകുളത്ത് വയൽ, മൂന്നുനിരത്ത്, പൂതപ്പാറ പോലയുള്ള പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുടെ ശൗചാലയം നിർമിക്കാൻ പദ്ധതി കൊണ്ടുവരണം. പഞ്ചായത്തിൽ കൂടുതൽ വയോജന സൗഹൃദ ഇടങ്ങൾ സൃഷ്ടിക്കണം, പകൽ വീടുകളുടെ സൗകര്യം കൂട്ടണം. വയോജനങ്ങൾക്കുള്ള യോഗ ക്ലാസുകളുടെ എണ്ണം കൂട്ടണം, അഴീക്കോട് നോർത്ത് കൃഷിയിടങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത് പരിഹരിക്കാൻ നീർച്ചാലുകൾ പുനർ നിർമിക്കണം.
ഭിന്നശേഷിക്കാർക്കായി പഞ്ചായത്തിൽ നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാം വിപുലീകരിക്കണം. പഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കണം. തെങ്ങ് കയറ്റ തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാൻ പഞ്ചായത്തിൽ തെങ്ങുകയറ്റം മെഷീനുകൾക്ക് സബ്സിഡി ഏർപ്പെടുത്തണം. കൂടാതെ തെങ്ങ് കയറ്റ പരിശീലനവും നൽകണം.
മായം കലർന്ന ഭക്ഷണസാധനങ്ങൾ തടയാൻ പഞ്ചായത്തിൽ ഹെൽത്ത് സ്ക്വാഡിന്റെ നിരന്തര ഇടപെടൽ വേണം. പഞ്ചായത്തിൽ തെരുവുനായ ശല്യം പരിഹരിക്കാൻ ശാശ്വത പരിഹാരം വേണം. ചാൽ ബീച്ച് ലൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് കെ എസ് ആർ ടി സി സർവീസ് ആരംഭിക്കണം. ഉപ്പു വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. പൂഴി ഫാക്ടറി ആരംഭിച്ച് പഞ്ചായത്തിലെ ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കണം. പൊയ്ത്തും കടവ് വായനശാല റോഡ് ഭാഗങ്ങളിലുള്ള വെള്ളകെട്ടിന് പരിഹാരമായി ഡ്രെയിനേജ് സംവിധാനത്തോടെ റോഡ് വീതി കൂട്ടി നിർമ്മിക്കണം. കക്കം പാലം മുതൽ വളപട്ടണം പുഴവരെയുള്ള തോട് ആഴം കൂട്ടി അരിക് കെട്ടി വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കണം.
നഗരത്തിന്റെ ഭാവി വികസന പരിപാടികൾക്ക് ജനപിന്തുണയും പൊതുജനാഭിപ്രായവും പ്രധാനമാണെന്നും വികസന സദസ്സിൽ ഉയർന്ന വന്ന നിർദ്ദേശങ്ങളും ആശയങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളെല്ലാം നടപ്പാക്കാമെന്ന് ഓപ്പൺ ഫോറത്തിന് മറുപടിയായി അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അറിയിച്ചു. ഭരണസമിതിയുടെ ജന സൗഹൃദ ഇടപെടലിന്റെ ഭാഗമായി പഞ്ചായത്തിൽ വലിയ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
