എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി തിരുവല്ല മാർത്തോമ കോളേജിൽ വിദ്യാർത്ഥികൾക്കായുള്ള പത്തനംതിട്ട ജില്ലാതല ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. മാത്യു വർക്കി അധ്യക്ഷനായ പരിപാടി തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ എസ് സനിൽ മുഖ്യ സന്ദേശം നൽകി. തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, കോളജ് അധ്യാപകരായ ഡോ.പി. ജെ വർഗീസ്, ഡോ. പി വി ശ്രീലത, ഡോ. അനിത ജോർജ് വർഗീസ് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ മോഹൻ,എക്സൈസ് ഉദ്യോഗസ്ഥരായ അനുപ്രസാദ്, ഹരിഹരൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 17 കോളജുകളിൽ നിന്ന് 200 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ തിരുവല്ല പുഷ്പഗിരി നഴ്സിങ് കോളേജ് ഒന്നാം സ്ഥാനവും ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളജ് രണ്ടാം സ്ഥാനവും ബിലീവേഴ്സ് നഴ്സിംഗ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി,സ്കൂൾ തലങ്ങളിൽ നൃത്തരംഗത്ത് മികവ് തെളിയിച്ച സഹാന സാജ്, ഐശ്വര്യ എന്നിവർ വിധികർത്താക്കളായിരുന്നു.
