പയ്യന്നൂര്‍ നഗരസഭ വികസന സദസ്സ് ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ പുരോഗതിക്കായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികസനം നാടിന്റെ പൊതുവായ മുന്നേറ്റത്തിന് വേണ്ടിയാണെന്നും എം.എല്‍.എ പറഞ്ഞു. നാടിന്റെ വികസന നേട്ടങ്ങളെ വിലയിരുത്താനും പുതിയ നിര്‍ദേശങ്ങളെ സര്‍ക്കാരിലേക്ക് എത്തിക്കാനുമാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പയ്യന്നൂര്‍ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത അധ്യക്ഷയായി.
നഗരസഭയുടെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ മുന്‍ എം എല്‍ എ സി കൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു. വികസന സദസ്സിനെക്കുറിച്ച് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ വി.പി സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. മികച്ച കര്‍ഷക അവാര്‍ഡ്, ജൈവ വൈവിധ്യ പരിപാലനം, തൊഴിലുറപ്പാക്കിയ അഞ്ചുവര്‍ഷങ്ങള്‍, സമ്പൂര്‍ണ ഗ്രന്ഥശാല പ്രഖ്യാപനം, വയോജനക്ഷേമ പദ്ധതി, കരിയില ശേഖരണ യൂണിറ്റ്, മാലിന്യത്തില്‍ നിന്നും ജൈവവള നിര്‍മാണം, നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് അവതരിപ്പിച്ചു.
വികസനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങള്‍ നിര്‍ദേശങ്ങളും ആശയങ്ങളും മുന്നോട്ടുവെച്ചു. കക്കൂസ് മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ ശാസ്ത്രീയമായ ഡ്രെയിനേജ് പദ്ധതി നടപ്പിലാക്കുക, മുഴുവന്‍ റോഡുകള്‍ക്കും ഡ്രെയിനേജ് സംവിധാനം ഉണ്ടാക്കുക, എല്ലാ പഞ്ചായത്തിലും നഗരസഭകളിലും പച്ചക്കറി പരിശോധനാ കേന്ദ്രം നിര്‍മിക്കുക, പയ്യന്നൂര്‍ നഗരസഭയ്ക്ക് സ്വന്തമായി ഒരു ടൗണ്‍ഹാള്‍ നിര്‍മിക്കുക, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുക, കാനായി കടേയ്ക്കര നടപ്പാലത്തിന് സമീപം അണക്കെട്ട് സ്ഥാപിച്ച് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുക, കോറോം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട് നവീകരിക്കുക എന്നിങ്ങനെ നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളും ശ്രദ്ധയൂന്നേണ്ട വികസന പരിപാടികളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു. സദസിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകളില്‍ ഒരുക്കിയ വാര്‍ റൂം പോര്‍ട്ടല്‍, കെ സ്മാര്‍ട്ട് ക്ലിനിക്, മെഡിക്കല്‍ പരിശോധന ക്യാമ്പ് എന്നിവയ്ക്ക് വമ്പിച്ച ജനപങ്കാളിത്തമുണ്ടായി.
പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി കുഞ്ഞപ്പന്‍, സ്ഥിരംസമിതി അംഗങ്ങളായ വി ബാലന്‍, ടി വിശ്വനാഥന്‍, വി.വി സജിത, ടി.പി സമീറ, സി ജയ, നഗരസഭ കൗണ്‍സിലര്‍ ഇക്ബാല്‍ പോപ്പുലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
