ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 6.6 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ ഏഴ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഒരു ഡോക്ടറെ കൂടി ലഭ്യമായാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കിടത്തിചികിത്സ സാധ്യമാകും. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിനെ ജില്ലയിലെ പ്രധാന പി.എച്ച് ലാബുമായി ബന്ധിപ്പിച്ചതിനാല്‍ 131 ലാബ് പരിശോധനകള്‍ ഇവിടെ സാധ്യമാകുമെന്നും പരിശോധനാ ഫലം മൊബൈല്‍ വഴി ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ കെ രമ എംഎല്‍എ അധ്യക്ഷയായി. ഡിഎംഒ ഡോ. കെ കെ രാജാറാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി മിനിക, പി.പി ചന്ദ്രശേഖരന്‍, ആയിഷ ഉമ്മര്‍, പി ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശശികല ദിനേശന്‍, കെ.എം സത്യന്‍ മാസ്റ്റര്‍, ഏറാമല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം കെ.പി ബിന്ദു, ഡി.പി.എം ഡോ. സി കെ ഷാജി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.6 കോടി രൂപയും വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതമായി ഒരു കോടി രൂപയുമാണ് അനുവദിച്ചത്.