നമ്മുടെ ഭരണഘടനയെ നാം അറിഞ്ഞിരിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സെമിനാറിന്റെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കായി സമർപ്പിച്ച ഭരണഘടന നാം അറിയില്ലെങ്കിൽ മറ്റാരാണ് അറിയുക. ആദ്യാവസാനം അറിയണമെന്നല്ല, എന്താണ് നമ്മുടെ മൗലികമായ അവകാശം, മൗലികമായ കടമ എന്ന് ഓരോ പൗരനും അറിഞ്ഞിരിക്കണം.

ഭരണഘടന നിയമം കൈകാര്യം ചെയ്യുന്ന വക്കീലൻമാരും കോടതികളും മാത്രം അറിഞ്ഞാൽ പോരേ എന്ന ചിന്ത തെറ്റാണ്. ഏതൊക്കെ തരത്തിലുള്ള വിധികളാണ് കോടതികളിൽ വരുന്നത്, അത് ഏതൊക്കെ തരത്തിലാണ് ബാധിക്കുക എന്ന് പോലീസ് സേനാംഗങ്ങൾ അറിഞ്ഞിരിക്കണം. ഒരു കുറ്റം നടന്നു കഴിഞ്ഞാൽ, അത് കൃത്യമായി തെളിയിക്കപ്പെടാൻ വേഗത്തിലുള്ള അന്വേഷണം നടത്തേണ്ടത് ്രപധാനമാണ്. സേനാംഗങ്ങളുടെ കുറവ് നീതിയെ ബാധിക്കുന്നതാണ്. കുറ്റം നടന്നിടത്ത് അടിയന്തിരമായി ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ കുറ്റകൃത്യം നടന്നിടത്ത് മാറ്റങ്ങൾ നടത്താൻ സാധ്യതയുണ്ട്. കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടണമെങ്കിൽ നിലനിൽക്കുന്ന തെളിവുകൾ ഉണ്ടാവണം. പോലീസ് സേനയ്ക്ക് നിയമപരമായ അറിവ് കൂടുതലായി ഉണ്ടായിരിക്കണം. പോലീസ് സേനയ്ക്ക് ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അക്കാദമിയിൽ ക്ലാസുകൾ നൽകാൻ കഴിയണം. നീതിയിൽ പ്രാഥമികമായ പങ്ക് വഹിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ ഇരയ്ക്കും കുറ്റാരോപിതനും നീതി ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചു. കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിയാണ് ‘വിഷൻ 2031’ എന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾ കുറയുകയും അടിയന്തിര പ്രതികരണ സമയം മെച്ചപ്പെടുകയും ചെയ്തത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണ്. സൈബർഡോം, ഐകോപ്‌സ്, പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തെ സുരക്ഷിത സമൂഹമായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളും സുരക്ഷിതരാക്കാനുള്ള പദ്ധതികൾ, 114 വനിതാ സെല്ലുകൾ, 56 ഫാസ്റ്റ് ട്രാക്ക് കോടതികൾ, ഏഴ് ലക്ഷം സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലനം, 2000ത്തിലധികം സൈബർ വളണ്ടിയർ തുടങ്ങി സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വം ശക്തിപ്പെടുത്തിയതായി ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ച് എച്ച് ക്യു എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. അഗ്‌നിശമന സേനയുടെ ആധുനികീകരണത്തിന് 600 കോടി ചെലവഴിച്ചിട്ടുണ്ട്. ഇനി മുന്നോട്ടുള്ള കാലത്ത് മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ഇതിനോടകം എല്ലാ ജില്ലയിലും യൂനിറ്റുകൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക പോലീസിങ്ങിനെ കുറിച്ച് ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാളും പാനൽ ചർച്ചയുടെ ആമുഖം മുൻ ഡിജിപി ജേക്കബ് പുന്നൂസും അവതരിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതവും കണ്ണൂർ റേഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്ര നന്ദിയും പറഞ്ഞു.