കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹാപ്പി കേരളം പദ്ധതിയുടെ രണ്ടാംഘട്ടമായ ‘ഇടം’ രൂപീകരണം നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഓണപ്പറമ്പില്‍ സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയര്‍ത്തി ഓരോ കുടുംബത്തിന്റെയും അഭിവൃദ്ധിയും സമൃദ്ധിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ എഫ് എന്‍ എച്ച് ഡബ്ല്യൂ(ഫുഡ് ന്യുട്രീഷ്യന്‍ ഹെല്‍ത്ത് വാഷ്/ സാനിറ്റേഷന്‍) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. മാനസികാരോഗ്യം, പോഷകാഹാരം വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകളാണ് ഇടത്തില്‍ പ്രധാനമായും നടന്നത്. മെച്ചപ്പെട്ട കുടുംബ സാഹചര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും ഉയര്‍ത്താന്‍ മാനസികാരോഗ്യം പോഷകാരോഗ്യം എന്നിവ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നത് പൊതു സമൂഹത്തിലേക്ക് എത്തിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു.

ഫിന്‍ലാന്‍ഡ് മാതൃകയില്‍ സന്തോഷ സൂചികയില്‍ കേരളത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 മോഡല്‍ സി.ഡി.എസ് കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തനം നടക്കുന്നത്. പരിശീലനം ലഭിച്ച സിഡിഎസ് ആര്‍ പി മാരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇരുപതോളം കുടുംബങ്ങളില്‍ നിന്നായി എണ്‍പതില്‍പരം ആളുകള്‍ പരിപാടിയുടെ ഭാഗമായി.

ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം ചെയ്തു. മെമ്പര്‍ സെക്രട്ടറി എന്‍.കെ പ്രകാശന്‍, വാര്‍ഡ് അംഗങ്ങളായ ഗിരിജ, എ ശരത്, വി.വി ഷാജി, സി.എച്ച് സജീവന്‍, സ്‌നേഹിതാ സ്റ്റാഫ് ബിബിത, കെ ഷീജ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.