സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. പാപ്പിനിശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ തറക്കല്ലിടല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്താകെ 606 വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റി. 400 ഓഫീസുകള്‍ അറ്റകുറ്റപ്പണി നടത്തി സ്മാര്‍ട്ട് ഓഫീസുകളാക്കി. 95 ഓഫീസുകളുടെ പണി നടക്കുന്നു. പാപ്പിനിശ്ശേരി വില്ലജ് ഓഫീസ് ഉള്‍പ്പെടെ 25 ഇടത്ത് പ്രവൃത്തിക്ക് തുടക്കമാകുന്നു. അങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പാപ്പിനിശ്ശേരി അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെ.വി.സുമേഷ് എം.എല്‍.എ അധ്യക്ഷനായി.

രണ്ടു നിലകളിലായി 129 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഹെല്‍പ് ഡെസ്‌ക്, വെയ്റ്റിംഗ് റൂം, ഓഫീസ് സ്‌പേസ്, വില്ലേജ് ഓഫീസറുടെ മുറി, ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലം, റെക്കോര്‍ഡ്സ് റൂം എന്നിവയാണ് ഉള്ളിലുള്ള സൗകര്യങ്ങള്‍. കൂടാതെ വൈദ്യുതീകരണത്തിനും മറ്റ് ഓഫീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും ഉള്‍പ്പെടെ 45 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലജ് ഓഫീസ് നിര്‍മ്മിക്കുന്നത്.

പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.ടി.കെ.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശോഭന, വാര്‍ഡ് അംഗം പി.പ്രസന്ന, തഹസില്‍ദാര്‍ ആഷിഖ്, കെ.നാരായണന്‍, കെ.വി.സാഗര്‍ എന്നിവര്‍ സംസാരിച്ചു.